പേരൂർക്കട: ആട്ടോറിക്ഷാ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. വഴയില ദയാനഗർ സ്വദേശികളായ നിപിൻ (25), അനീഷ് (34), അഭിലാഷ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 ന് വഴയില ദയാനഗർ ഭാഗത്തായിരുന്നു സംഭവം. ദയാനഗറിൽ താമസിക്കുന്ന നിജിത്തിനെയാണ് പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. നിജിത്ത് ആട്ടോയിൽ സവാരി പോകുന്നതിനിടെ വഴയിൽ എത്തിയപ്പോൾ വാഹനം കേടായി. തുടർന്ന് പ്രതികളിൽ ഒരാളുടെ വീടിനുമുന്നിൽ നിജിത്ത് വാഹനം പാർക്ക് ചെയ്തു. ഇതിലുള്ള വിരോധമായിരുന്നു ആക്രമണത്തിനു കാരണം. വെട്ടുകത്തി ഉപയോഗിച്ച് നിജിത്തിന്റെ തലയിൽ വെട്ടുകയും സ്റ്റീൽപൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ പേരൂർക്കട സി.ഐ വി. സൈജുനാഥിന്റെ നേതൃത്വത്തിൽ ക്രൈം എസ്.ഐ സഞ്ചു ജോസഫ്, പൊലീസുകാരായ ഷംനാദ്, അനീഷ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.