തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫ് നേതൃത്വത്തോട് ഇടഞ്ഞ പി.ജെ. ജോസഫ് വിഭാഗം,തങ്ങളുടെ ആവശ്യത്തിൽ തീരുമാനമാകുന്നത് വരെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജോസ് പക്ഷം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടതാണ്. രാജിയില്ലെങ്കിൽ ജോസഫ് വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. അതിൽ നിന്ന് കോൺഗ്രസ് പിന്നാക്കം പോയെന്നാണ് ജോസഫിന്റെ പരാതി. കോൺഗ്രസ് ജോസ് പക്ഷത്തിന്റെ തടവറയിലാണെന്ന ആക്ഷേപവും ഉയർത്തുന്നു.
മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടതോടെയാണ് കോൺഗ്രസ് നിലപാട് മയപ്പെടുത്തിയതെന്ന് ജോസഫ് കരുതുന്നു. അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ വിജയിക്കുമെന്ന് ഉറപ്പില്ലാതിരിക്കെ, അത് വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. അവിശ്വാസം കൊണ്ടുവന്നാൽ ഇടതുപിന്തുണയോടെ ജോസ് പക്ഷം വിജയിക്കുമെന്ന കണക്കുകൂട്ടലിലാണിത്. ചങ്ങനാശ്ശേരി നഗരസഭയിലും കോൺഗ്രസ് ചതിച്ചെന്ന വികാരം ജോസഫ് പക്ഷത്തുണ്ട്.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിന്റെ മറവിൽ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലാക്കാക്കിയുള്ള പുതിയ ഉപാധികൾ ജോസ് പക്ഷത്തിന് മുന്നോട്ട് വയ്ക്കാനായിട്ടുണ്ട്. മുന്നണി വിടാൻ ജോസഫ് തൽക്കാലം സന്നദ്ധമല്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികൾ മാറിക്കൂടെന്നില്ല.