ശ്രീകാര്യം: വർക്കല സ്വദേശി ഷൈജുവിനെ ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സത്യം കണ്ടെത്താൻ ഫോറൻസിക് പരിശോധന ഫലം കാത്ത് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണത്തെക്കുറിച്ച് കാര്യമായ സൂചനകളില്ലെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷൈജു എങ്ങനെ ശ്രീകാര്യത്തെത്തി എന്നത് ഇപ്പോഴും ആശയകുഴപ്പം സൃഷ്ടിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാര്യം സി.ഐ. അഭിലാഷ് ഡേവിഡ് പറഞ്ഞു. സംഭവം നടന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സി.സി ടിവി കാമറ പരിശോധിച്ചെങ്കിലും ബാങ്കിലെ എ.ടി.എം കൗണ്ടറിലേക്ക് തിരിച്ചുവച്ചിരിക്കുന്നതിനാൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ശ്രീകാര്യം ജംഗ്ഷനിലെ ചില സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും യുവാവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഷൈജു ആത്മഹത്യ ചെയ്യില്ലെന്ന ബന്ധുക്കളുടെ മൊഴിയും ഇതിന് മുമ്പ് ഒരിക്കലും ഇയാൾ ഈ സ്ഥലത്ത് വന്നിരുന്നില്ല എന്നതും പൊലീസിനെ കുഴപ്പിക്കുന്നു. ഷൈജുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.