d

തൃശൂർ: വിദേശത്ത് നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലിരിക്കാതെ കറങ്ങി ആലുവയിലേക്ക് കെ.എസ്.ആ.ടി.സി ബസിൽ യാത്ര ചെയ്തയാളെ തൃശൂരിൽ വച്ച് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം കെ.എസ്.ആർ.ടി.സി ഡ്രൈവർ, കണ്ടക്ടർ, ബസിലുണ്ടായിരുന്ന യാത്രക്കാർ അടക്കമുളള്ള പത്ത് പേരെ നിരീക്ഷണത്തിലാക്കി. സംഭവത്തിൽ കാസർകോട് സ്വദേശിക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവക്കാരാനായ സുഹൃത്തുമൊന്നിച്ച് ഷാർജയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങി. എന്നാൽ കാസർകോടുകാരനായ ഇയാൾ ഇന്നലെ ആലുവയിലുള്ള സുഹൃത്തിനെ കാണുന്നതിനായി കാസർകോട് നിന്ന് പുറപ്പെടുകയായിരുന്നു. വിവിധ ബസുകളിൽ കയറിയ ഇയാൾ അവസാനം കുറ്റിപ്പുറത്ത് നിന്ന് തൃശൂർ ബസിൽ കയറുകയായിരുന്നു.

യാത്രക്കിടെ പേരാമംഗലത്ത് വച്ച് ഇയാൾക്ക് തലക്കറക്കം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടക്കുകയാണെന്ന് മനസിലായത്. ഇതേത്തുടർന്ന് ബസ് തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിച്ച ശേഷം ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കിലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സി.ഐ. ലാൽകുമാർ പറഞ്ഞു.