ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കി. രണ്ട് ദിവസം കൊണ്ട് പൊലീസെടുത്തത് 52 കേസുകളാണ്.
പൊലീസ് സ്റ്റേഷനിലേക്കെത്തുന്നവരെ തെർമൽ സ്‌കാനർ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വാഹനങ്ങളുമായി അനാവശ്യമായി പുറത്തിറങ്ങിയതിനും കൊവിഡ് മാനദണ്ഡം പാലിക്കാത്ത കടകൾക്കെതിരെയുമാണ് നടപടിയെടുത്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പിള്ളി അറിയിച്ചു. ചാവക്കാട് ടൗണിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചിട്ടുണ്ട്. വാഹനങ്ങളുമായി അനാവശ്യമായി കറങ്ങി നടന്നാൽ വാഹനം പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. മാസ്‌ക് ധരിക്കാത്തവരെ പിടികൂടാൻ മഫ്തിയിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മണത്തല മുല്ലത്തറ, ചാവക്കാട് ടൗൺ , വടക്ക്, തെക്ക് ബൈപാസുകൾ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആശുപത്രി റോഡ്, ഓവുങ്ങൽ, മുതുവട്ടൂർ, ചാവക്കാട് ഗവ. ഹൈസ്‌കൂൾ റോഡ് എന്നിവിടങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് മഫ്തിയിൽ പത്തംഗ പൊലീസ് റോന്ത് ചുറ്റുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിട്ടും കറങ്ങിനടക്കുന്നവരെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി അറിയിച്ചു..