pic

മുംബയ്: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ് ഉദ്ധവ് സർക്കാർ. ഇന്നലെ 3,307 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,16,752 ആയി. 24 മണിക്കൂറിനിടെ 114 പേരാണ് മരിച്ചത്. മൊത്തം മരണം 5,651.

മുംബയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,359 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 61,501.ധാരാവിയിൽ 17 പോസിറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 2,106 ആയി. മഹാരാഷ്ട്രയിൽ 59,166 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 51,921 പേർ ചികിത്സയിലാണ്. ദിവസങ്ങൾ പിന്നിടുംതോറും സ്ഥിതി അതീവഗുരുതരമാവുകയാണ്. രോഗികളുടെ എണ്ണവും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുമ്പോൾ സർക്കാരിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.