pic

ന്യൂഡൽഹി: പശ്ചിമബംഗാളിലെ പ്രമുഖ സി.പി.എം നേതാവും സിലിഗുരി മേയറും എം.എൽ.എയുമായ അശോക് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 71കാരനായ ഭട്ടാചാര്യ മുൻനഗര വികസന മന്ത്രി കൂടിയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സിലിഗുരി മുൻസിപ്പൽ കോർപ്പറേഷൻ കെട്ടിടം മൂന്നുദിവസമായി അടച്ചിട്ടിരിക്കുകയാണ്. സിലിഗുരി നഗരത്തിലെ കൊവിഡ് ബാധിത മേഖലകളിൽ ഇദ്ദേഹം തുടർച്ചയായി സന്ദർശനം നടത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഡോക്ടർമാരുടെ ഉപദേശത്തെതുടർന്ന് വിശ്രമത്തിലായിരുന്ന ഭട്ടാചാര്യയ്ക്ക് നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് വീണ്ടും പരിശോധന നടത്തിയതും കൊവിഡ് സ്ഥിരീകരിച്ചതും.