ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ചൈനീസ് കമാൻഡിംഗ് ഓഫീസർ അടക്കമാണ് മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത 45 ചൈനീസ് സൈനികരെങ്കിലുമുണ്ടാവുമെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ നിഗമനവും. വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരെ കൂടാതെ, നാലു ഇന്ത്യൻ സൈനികരുടെ സ്ഥിതി ഗുരുതരമാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ ഇക്കാര്യത്തിൽ ചൈന മൗനം തുടരുകയാണ്. കൂടുതൽ ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും ശ്രമം തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ വ്യക്തമാക്കിയിരുന്നു.