അബുദാബി: കൊവിഡ് വ്യാപനം തുടരവേ അബുദാബിയിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ തുറക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഓരോ കേന്ദ്രത്തിലെയും സന്ദർശകശേഷിയുടെ 40 ശതമാനത്തെ മാത്രമേ അനുവദിക്കുകയുള്ളൂ. സാമൂഹികാകലം ഉറപ്പാക്കുന്നതിനുള്ള അടയാളപ്പെടുത്തലുകൾ നിലത്തുണ്ടാവണം. ജീവനക്കാർ സംഘമായി ജോലിചെയ്യാൻ പാടില്ല. വലിയ കൂട്ടം ആളുകളെ പ്രവേശിപ്പിക്കരുത്. ഒരാൾക്ക് പരമാവധി മൂന്ന് മണിക്കൂർ മാത്രമായിരിക്കും സന്ദർശനാനുമതി.
ശില്പശാലകളും ടൂറുകളും പ്രത്യേക ക്ലാസുകളും മറ്റ് പരിപാടികളും നടത്താൻ പാടില്ല. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം. തെർമൽ ക്യാമറകളും അണുനശീകരണ സംവിധാനങ്ങളും പ്രവേശന കവാടത്തിൽ സജ്ജമാക്കണം. ആളുകൾ തമ്മിൽ ബന്ധപ്പെടാനിടയുള്ള ഭാഗങ്ങളെല്ലാം ഗ്ലാസ് ഭിത്തികൊണ്ട് വേർതിരിക്കണം. കേന്ദ്രങ്ങളിലെ എല്ലാ ടച്ച് സ്‌ക്രീനുകളും ഒഴിവാക്കണം.
വിവരങ്ങൾ പ്രിന്റുചെയ്ത ഗൈഡിന് പകരമായി ഡിജിറ്റൽ ഗൈഡുകൾ ലഭ്യമാക്കണം. എല്ലാ ജീവനക്കാരും ദിവസവും കൃത്യമായ ഇടവേളകളിൽ ശരീരതാപനില പരിശോധിക്കണം. മുഖാവരണങ്ങളും കയ്യുറകളും എല്ലാസമയവും ധരിക്കണം. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ച ജീവനക്കാർക്ക് മാത്രമേ ജോലിയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു.