തിരുവനന്തപുരം: സംസ്ഥാനത്തെ ഉറവിടമറിയാത്ത രോഗബാധ പഠിക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകി. ഇതേതുടർന്ന് രോഗവ്യാപന പഠനം നടത്താൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. ഇതുവരെ ഉറവിടമറിയാത്ത അറുപത് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ ഉറവിടമറിയാത്ത രോഗബാധിതരുള്ളത്. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിൽ വിഷയം ചർച്ചയായതോടെയാണ് രോഗവ്യാപന പഠനം നടത്താൻ മുഖ്യമന്തി നിർദേശിച്ചത്.
തിരുവനന്തപുരത്ത് മരിച്ച ഫാ കെ ജി വർഗീസ്, കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സേവ്യർ , രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുൾ കരീം , കണ്ണൂർ ധർമടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളുടേയും രോഗബാധ , ചക്ക തലയിൽ വീണതിന് ചികിത്സ തേടിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ച കാസർകോടുള്ള ആട്ടോറിക്ഷാ ഡ്രൈവർ തുടങ്ങിയവർക്ക് എങ്ങനെ രോഗം വന്നെന്ന് വ്യക്തമല്ല. ഇതിനു പുറമേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച വി രമേശൻ , മണക്കാട് മൊബൈൽ കട നടത്തുന്നയാൾ, കണ്ണൂരിലെ എക്സൈസ് ഡ്രൈവർ, തൃശൂരിലെ ഉറവിടമറിയാത്ത രോഗബാധിതർ തുടങ്ങിയവയും ആശങ്കപ്പെടുത്തുന്നതാണ്.
സമൂഹ വ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ ആന്റിബോഡി പരിശോധന ഫലം സർക്കാർ പുറത്തുവിട്ടിട്ടില്ല. ദിവസേന രോഗബാധിതരാകുന്നവരുടെ എണ്ണത്തിനപ്പുറം കൃത്യമായ കണക്കുകൾ പുറത്തുവിട്ട് ജനങ്ങൾക്ക് രോഗവ്യാപനത്തിന്റെ യഥാർഥ ചിത്രം നൽകണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
മാർച്ച് 23 മുതൽ ജൂൺ 6 വരെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മെയ് 4 മുതൽ ജൂൺ ആറു വരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേയ്ക്ക് പോയ അമ്പതോളം പേർക്ക് ചെന്നയുടൻ അവിടെ രോഗം സ്ഥിരീകരിച്ചതും അതിജാഗ്രത ആവശ്യപ്പെടുന്നു.