modi

ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ കേന്ദ്രസർക്കാർ സൈന്യത്തിന് നിർദേശം നൽകി. ചൈനയോട് ഒരു വിട്ടുവീഴ്ചക്കും മുതിരേണ്ട എന്നാണ് കരസേനയ്ക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. ഇന്ത്യയും ചൈനയും തമ്മിൽ മേജർ തലത്തിലുള്ള ചർച്ചകൾ ഇന്നും തുടരാൻ തന്നെയാണ് തീരുമാനം. ഇന്നലെ നടന്ന മേജർ തലചർച്ചകൾ ധാരണയില്ലാതെ പിരിഞ്ഞിരുന്നു.

മേഖലകളിൽ നിന്ന് സേനയെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള ധാരണകളിലാണ് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നതെന്നാണ് സൂചന. മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഉള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. അതിർത്തിജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തിങ്കളാഴ്ചയുണ്ടായ അക്രമത്തിൽ പരിക്കേറ്റ 18 പേരാണ് ലേയിലെ സൈനികാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമെങ്കിലും ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം 58 പേരടങ്ങിയ മറ്റൊരു സംഘത്തിനും ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരും ചികിത്സ തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കും.

3500 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഇന്ത്യ - ചൈന അതിർ‍ത്തിയിലെ എല്ലാ കരസേനാ, വ്യോമസേനാ താവളങ്ങളും ജാഗ്രതയിലാണ്. ചൈനീസ് നാവികസേന പട്രോളിംഗ് നടത്തുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യൻ നാവികസേന ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാമേധാവിമാരുമായി നടത്തിയ ചർച്ചയിലാണ് ജാഗ്രത കൂട്ടാൻ തീരുമാനമായത്.