തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം പെരുകിയതോടെ ആശങ്കയിലായ തലസ്ഥാന ജില്ലയിൽ, ഉറവിടത്തെയും രോഗവ്യാപനത്തെയും പറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുടെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇതേപ്പറ്റി പഠനം നടത്തുന്നത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമുണ്ടായ പോത്തൻകോട്ടെ റിട്ട. എ.എസ്.ഐ അബ്ദുൾ അസീസിന്റേത് മുതൽ കഴിഞ്ഞദിവസം വഞ്ചിയൂരിൽ കൊവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥനായ എസ്. രമേശന്റെ വരെ മരണങ്ങളും ഉറവിടമറിയാത്ത കൊവിഡ് ബാധക്കേസുകളുമാണ് പഠനത്തിനാധാരം. വിദേശ യാത്രയോ വിദേശത്ത് നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കമോ ഇല്ലാത്ത പലരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യങ്ങളും പരിശോധനാവിധേയമാകുന്നുണ്ട്.
പോത്തൻകോട്ട് അബ്ദുൾ അസീസിന് മാത്രമാണ് ആദ്യഘട്ടത്തിൽ രോഗ ബാധയുണ്ടായത്. വീട്ടുകാർക്കോ അബ്ദുൾ അസീസുമായി പ്രൈമറി, സെക്കന്ററി കോൺടാക്ടിലുണ്ടായിരുന്നവർക്കോ പിന്നീട് രോഗമോ രോഗ ലക്ഷണമോ കണ്ടിരുന്നില്ല. രോഗ ബാധിതനായി മരണപ്പെടുംമുമ്പ് സുഹൃത്തിന്റെ മകളുടേതുൾപ്പെടെ രണ്ട് വിവാഹങ്ങളിലും പള്ളികളിൽ നടന്ന ഖബറടക്കങ്ങളിലും അബ്ദുൾ അസീസ് സഹകരിച്ചിരുന്നു. പള്ളികളിൽ നടന്ന ഖബറടക്ക ചടങ്ങുകളിൽ മലപ്പുറത്ത് നിന്നും മറ്റും വന്ന ചിലർ സംബന്ധിച്ചതായും സ്ഥിരീകരിച്ചിരുന്നു. അബ്ദുൾ അസീസിന്റെ സഞ്ചാരപഥത്തിൽ തെളിയുന്ന രോഗസാദ്ധ്യതകൾ ഇവയൊക്കെയാണെങ്കിലും ആരോഗ്യ വകുപ്പിന്റെ അന്വേഷണങ്ങളിൽ ഇവിടങ്ങളിൽ അബ്ദുൾ അസീസൊഴികെ ചടങ്ങിൽ പങ്കെടുത്ത മറ്റാർക്കും രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനൊപ്പം അബ്ദുൾ അസീസ് മരണപ്പെടുകകൂടി ചെയ്തതിനാൽ ഇയാളിൽ നിന്ന് നേരിട്ട് സമ്പർക്കപ്പട്ടിക ശേഖരിക്കാനും കഴിഞ്ഞില്ല. വീട്ടുകാരിൽ നിന്നും അബ്ദുൾ അസീസിന്റെ ഫോൺ കോളുകളുടെ പട്ടികയിൽ നിന്നും സമാഹരിച്ച വിവരങ്ങൾ മാത്രമായിരുന്നു ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനം. തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകളും മരണവും റിപ്പോർട്ടായതോടെ പോത്തൻകോട്ടെ മരണത്തിൽ നിന്നും ആരോഗ്യവകുപ്പിന്റെ ശ്രദ്ധ പ്രതിരോധ പ്രവർത്തനങ്ങളിലേക്കും മറ്റ് പല കാര്യങ്ങളിലേക്കുമായി.
അബ്ദുൾ അസീസിന് പിന്നാലെ മണ്ണന്തലയി ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ വൈദികനും വഞ്ചിയൂരിൽ ഹൃദ്രോഗത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞ രമേശനും കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉറവിടമറിയാത്ത കേസുകളെപ്പറ്റി പഠിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. അപകടത്തിൽപരിക്കേറ്റ വൈദികൻ പേരൂർക്കട ഗവ. ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിഞ്ഞത്. രമേശൻ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കൊവിഡ് ആശുപത്രിയായ ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ആശുപത്രി വാസത്തിനിടെ സന്ദർശകരായി എത്തിയവരിൽ നിന്നോ ആശുപത്രിയിൽ നിന്നോ ഏതെങ്കിലും വിധത്തിൽ രോഗപ്പകർച്ചയ്ക്കുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഇവരുടെ ആശുപത്രി വാസവും ചികിത്സയും സന്ദർശകരായി എത്തിയവരുടെ വിവരങ്ങളുമെല്ലാം കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പരിശോധിക്കും. കാട്ടാക്കട ആനാട് ആരോഗ്യ പ്രവത്തകയ്ക്കും മണക്കാട്ടെ മൊബൈൽ ഷോപ്പുടമയ്ക്കും പാപ്പനംകോട് ട്രാൻ. ഡ്രൈവർക്കുമുണ്ടായ രോഗ ബാധയുടെ ഉറവിടവും പഠന സംഘത്തിന്റെ അന്വേഷണ വിഷയമാണ്. ആരോഗ്യപ്രവർത്തകയ്ക്ക് കാട്ടാക്കടയിൽ ടീഷോപ്പ് കൂടിയുണ്ട്. ഇവിടെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ലോറി ഡ്രൈവർമാർ ചായകുടിക്കാൻ എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ തമിഴ്നാട്ടിലെ തീവ്രരോഗബാധിത പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസമെത്തിയ മിൽക്ക് ലോറി ഡ്രൈവറുടെ സമ്പർക്കമാകാം കടയിലുണ്ടായിരുന്ന ആശാവർക്കർക്ക് രോഗമുണ്ടാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മലപ്പുറം സ്വദേശിയായ മൊബൈൽ ഷോപ്പുടമയ്ക്ക് തിരുവനന്തപുരത്ത് എത്തും മുമ്പ് മലപ്പുറത്ത് നിന്നാകാം രോഗബാധയുണ്ടായതെന്നാണ് കരുതുന്നതെങ്കിലും മൊബൈൽഷോപ്പ് സ്ഥിതിചെയ്യുന്ന മണക്കാട് മുമ്പ് ഹോട്ട് സ്പോട്ടായിരുന്നതിനാൽ ഇതിലും വിശദമായ പഠനവും പരിശോധനയും ആവശ്യമാണ്. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവറുടെ സ്വദേശമായ തൃശൂരിൽ വീടിന് സമീപത്ത് കൊവിഡ് കേസുകളുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പാപ്പനംകോടെത്തിയശേഷം റെയിൽവേസ്റ്റേഷനിൽ നിന്ന് അയൽസംസ്ഥാനത്ത് നിന്നെത്തിയവരെ കൊണ്ടുപോകാനുള്ള ബസിലെ ഡ്യൂട്ടിയ്ക്കിടെ എങ്ങനെയോ രോഗബാധയുണ്ടായതാകാമെന്നാണ് കരുതുന്നത്. ചികിത്സയിൽ കഴിയുന്ന മൊബൈൽഷോപ്പുടമയുടെയും ഡ്രൈവറുടെയും പക്കൽ നിന്ന് ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാലേ സംശയിക്കുന്നതിന് അപ്പുറമുള്ള എന്തെങ്കിലും സമ്പർക്കം ഇവർക്കുണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ. രോഗബാധിതരാകുന്ന പലരും തങ്ങളുടെ സമ്പർക്കത്തെപ്പറ്റിയുളള വിവരങ്ങൾ പൂർണമായി വെളിപ്പെടുത്താത്തതും ചില സ്ഥലങ്ങളിലെ സന്ദർശനങ്ങൾ ഒളിപ്പിക്കുന്നതും കൃത്യമായ ഉറവിടനിർണയത്തിനും രോഗ പ്രതിരോധത്തിനും തടസമാകുന്നുണ്ട്.