കണ്ണൂർ: കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഡ്രൈവറുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചു. പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുപത്തിയെട്ടുകാരന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിറുത്തുന്നത്.
ഈ മാസം മൂന്നാം തിയതി അബ്ക്കാരി കേസിൽ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവർ ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് പ്രതിയുമായി തോട്ടടയിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി.