ന്യൂസിലൻഡ്: ലോക്ക്ഡൗൺ പിൻവലിച്ച് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ ന്യൂസിലൻഡിൽ കൊവിഡ് വീണ്ടും പിടിമുറുക്കി. സർക്കാരിനെ തോൽപ്പിച്ചുകൊണ്ട് കൊവിഡ് വിളയാട്ടം തുടങ്ങിയപ്പോൾ കൊവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂസിലൻഡിലെ കൊവിഡ് സുരക്ഷയുടെ ചുമതല സൈന്യത്തെ ഏൽപ്പിച്ചു.
പ്രധാനമന്ത്രി ജസീന്ത ആർഡേൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ച് ഒരാഴ്ച തികയുമ്പോഴാണ് കൊവിഡിന്റെ തിരിച്ചുവരവ്. ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ രണ്ടുപേർക്ക് വിമാനത്താവളത്തിലെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. അതിൽ നിന്ന് വീണ്ടും രോഗം പടരുകയായിരുന്നു. കൊവിഡ് മുക്തമാകുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ന്യൂസിലന്റ്.
രാജ്യത്ത് യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ ലോക്ക്ഡൗൺ പിൻവലിച്ചുകൊണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനത്തിന് ആയുസ് ഉണ്ടായില്ല. സൈന്യത്തെ ഏൽപ്പിച്ചതോടെ ഇനി സുരക്ഷ അതീവ കർശനമാകും. ലോക്ക്ഡൗൺ കാലത്തുണ്ടായിരുന്നതുപോലെയല്ല, എല്ലാത്തിനും സൈന്യം മൂക്കുകയറിടും.