indian-army

ന്യൂഡൽഹി: ലഡാക്കിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നയത്തിൽ കാതലായ മാറ്റം വരുത്താൻ തീരുമാനിച്ചതായി വിവരം. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യ, ചൈന സൈനികർ ആയുധങ്ങൾ കൈവശം വയ്ക്കാറില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ഇനി മുതൽ ഇന്ത്യൻ സൈനികർക്ക് ആയുധങ്ങൾ നൽകാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

അതിർത്തിയിൽ കടന്നുകയറാനും ആ പ്രദേശം കൈവശംവയ്ക്കാനുമുള്ള ചൈനയുടെ നയം ഇനി അനുവദിക്കില്ലെന്നും അത്തരത്തിലുള്ള നീക്കങ്ങളുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കാനും സൈന്യം തീരുമാനിച്ചിട്ടുണ്ട്.അതിർത്തിയിൽ ഇന്ത്യ വലിയതോതിലുള്ള സൈനിക നീക്കം നടത്തുന്നതായാണ് വിവരം. 15,000ഓളം സൈനികരെയും ആയുധങ്ങളെയും അതിർത്തിയിലേക്കെത്തിച്ചിട്ടുണ്ട്. മറുവശത്ത് ചൈനയും സമാനമായ ഒരുക്കങ്ങൾ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.