ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വാരയിൽ ചൈന അവകാശവാദം ഉന്നയിച്ചതോടെ സ്ഥിതി സങ്കീർണമായി. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഇന്നലെ ഇന്ത്യയുടെയും ചൈനയുടെ മേജർ ജനറൽമാർ മൂന്നു മണിക്കൂറിലധികം ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. ചർച്ചകൾ തുടരുമെന്നാണ് സൈനിക തലത്തിൽ നിന്ന് ലഭിക്കുന്ന സൂചന. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തർക്കപരിഹാരത്തിനായി തത്ക്കാലെ ഇടപെടില്ലെന്ന് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രതികരണം വന്നിട്ടുണ്ട്.
അതേസമയം അതിർത്തിയിൽ നിന്ന് സേന പിന്മാറ്റം ഉടനുണ്ടാകില്ലെന്നാണ് സൂചന. ഗൽവാൻ താഴ്‌വരയിൽ ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി. അവകാശവാദം വെറും അതിശയോക്തി മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഡൽഹിയിലും ഗുജറാത്തിലും യു.പിയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൈന വിരുദ്ധ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബി.എസ്.എൻ.എലും എം.ടി.എൻ.എലും ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് റദ്ദാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.