തിരുവനന്തപുരം :കൊവിഡ് ആശുപത്രിയായ ജനറൽ ആശുപത്രിയിലെ മൈക്രോ ബയോളജിസ്റ്റിനെ അകാരണമായി സ്ഥലം മാറ്റിയ നടപടിയ്ക്കെതിരെ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ പ്രതിഷേധം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പ്രതിഷേധം. ജനറൽ ആശുപത്രിയിലെ ബ്ളഡ് ബാങ്കിന്റെയും മൈക്രോബയോളജി ലാബിന്റെയും ചുമതല വഹിച്ചിരുന്ന ഡോ.ചിത്രയെ നേമത്തേക്ക് സ്ഥലം മാറ്റിയതാണ് പ്രതിഷേധത്തിന് കാരണം.
ആശുപത്രിയിലെ ശ്വാസകോശവിഭാഗത്തിലെ വനിതാ ഡോക്ടറുമായുണ്ടായ തർക്കമാണ് സ്ഥലംമാറ്റത്തിന് കാരണമായതെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു. കൊവിഡ് ഡ്യൂട്ടികഴിഞ്ഞെത്തിയ ശ്വാസകോശവിഭാഗത്തിലെ ഡോക്ടർ മൈക്രോ ബയോളജി ലാബിലെത്തി ഡോ.ചിത്രയോട് കൊവിഡ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു. കൊവിഡ് ക്ളിനിക്കിന് സമീപം സാമ്പിളെടുക്കുന്ന സ്ഥലത്തെത്തി സ്രവപരിശോധന നടത്താൻ ഡോ.ചിത്ര നിർദേശിച്ചു. ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഡോക്ടർ അത് റിസ്കാണെന്നും ബ്ളഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നും ശഠിച്ചു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും ഡോക്ടർമാരുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ഇരുവരും ഇത് സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ശ്വാസകോശവിഭാഗം ഡോക്ടർ തന്നെ കൊവിഡ് പരിശോധന നടത്താൻ വിസമ്മതിച്ചതായി കാട്ടി മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ.ചിത്രയെ മാറ്റിയത്. നിസാര കാര്യത്തിന്റെ പേരിൽ ഡോക്ടറെ സ്ഥലം മാറ്റിയ നടപടി ഡോക്ടർമാരുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കെ കൊവിഡ് പ്രതിരോധവും ആശുപത്രിലാബ് പ്രവർത്തനവും അവതാളത്തിലാകുമെന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.