pic

പാറശാല: കൊവിഡ് കാലത്ത് എ.ടി.എം കവർച്ചാശ്രമം ഉൾപ്പെടെ നിരവധി മോഷണങ്ങൾ നടത്തിയ രണ്ടുപേരെ പാറശാല പൊലീസ് പിടികൂടി.ചെങ്കൽ മര്യാപുരം നെടിയവിള വി.ആർ ഭവനിൽ വിനിഷ് (18), നെയ്യാറ്റിൻകര ഇരുമ്പിൽ കാണി വിളവീട്ടിൽ വിജിഷ് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 7 ന് രാത്രിയിൽ ഉദിയൻകുളങ്ങര എസ്.ബി.ഐക്ക് മുമ്പിലുള്ള എ.ടി.എമ്മിൽ കവർച്ചാശ്രമം നടത്തിയ കേസിലാണ് ഇവ‌ർ പിടിയിലായത്.

എ.ടി.എമ്മിലെ കവർച്ചാശ്രമത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെ ഫെബ്രുവരി 2 ന് ഇതേ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ ബൈക്കും ഇവർ മോഷ്ടിച്ച് കടന്നു. തുടർച്ചയായ മോഷണങ്ങളിൽ പൊലീസ് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ആറയൂരിലെ പച്ചക്കറി ചില്ലറ വിൽപ്പനക്കാരിയുടെ മാല കവർന്നത്. സാധനങ്ങൾ വാങ്ങാനെന്ന രീതിയിൽ അടുത്തെത്തി അവരുടെ കണ്ണിൽ മുളക് പൊടി വിതറി മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ ഫോട്ടോ പരിസരത്തെ സഹകരണ ബാങ്കിന്റെ സി.സി.ടി.വിയിൽ നിന്നും വ്യക്തമായി. എ.ടി.എം കവർച്ചാശ്രമത്തിന് പിന്നിലും മാലപൊട്ടിക്കലിലും ഒരേ സംഘം തന്നെയാണെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി.അനിൽ കുമാറിന്റെയും സി.ഐ.റോബർട്ട് ജോണിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.