vali
വലിയതുറയിൽ മത്സ്യതൊഴിലാളി ഫ്ലാറ്റിനായി സർക്കാ‌ർ കണ്ടെത്തിയ സ്ഥലം

തിരുവനന്തപുരം :വലിയതുറയിൽ മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റുകൾ നിർമിക്കാൻ സ്ഥലമായി. 160 ഫ്ലാറ്റുകൾ നിർമിക്കാൻ‌ 2.94 ഏക്കർ ഭൂമിയാണ് സർക്കാർ അനുവദിച്ചത്. ഭൂമിയുടെ കൈവശാവകാശം റവന്യൂവകുപ്പ് ഉടൻ ഫിഷറീസ്‌ വകുപ്പിന്‌ കൈമാറും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 160 ഫ്ലാറ്റാണ്‌ ഫിഷറീസ്‌ വകുപ്പ്‌ നിർമിച്ചത്. കടൽക്ഷോഭത്തിൽ വീട്‌ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിൽ 16 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും വലിയതുറ സെന്റ്‌ ആന്റണീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്‌ പാട്ടത്തിന്‌ നൽകിയതുമായ 3.94 ഏക്കറിൽ നിന്നാണ്‌ സ്ഥലം അനുവദിക്കുന്നത്‌.

മുട്ടത്തറ വില്ലേജിലെ ഭൂമി സെന്റ്‌ ആന്റണീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്റെ കൈവശമായിരുന്നെങ്കിലും സ്‌കൂൾ ഇവിടെനിന്ന്‌ മാറ്റിയതോടെ 1998 മുതൽ ഉപയോഗിക്കുന്നില്ല. സ്‌കൂൾ മാനേജ്‌മെന്റ്‌ പാട്ടത്തുക കുടിശ്ശികയാക്കിയതോടെ സ്ഥലത്തിന്റെ പൂർണ്ണമായ കൈവശാവകാശം മാനേജ്‌മെന്റിന്‌ നഷ്ടപ്പെട്ടു. തുടർന്നാണ്‌ സ്ഥലം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിന്‌ ഉപയോഗിക്കാൻ തീരുമാനിച്ചത്‌.

സ്‌കൂൾ മാനേജ്‌മെന്റ്‌ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ വാങ്ങിയതോടെ ഏറ്റെടുക്കൽ നീണ്ടു. വിശദവാദത്തിനുശേഷം ഹൈക്കോടതി സ്‌റ്റേ നീക്കിയതോടെ സർക്കാർ തുടർ നടപടികളാരംഭിക്കുകയായിരുന്നു. ഫ്ളാറ്റിന് വിട്ടുകൊടുത്തതിന്റെ ബാക്കിവരുന്ന ഒരേക്കർ സമീപത്തെ എൽ.പി സ്കൂളിലെ കുട്ടികൾക്കും പ്രദേശവാസികൾക്കും കളിക്കളമായി ഉപയോഗിക്കാനും തീരുമാനമായി.