
തിരുവനന്തപുരം : ഗ്രാമങ്ങളിൽ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാൻ കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിവരുന്നു. ഗരീബ് കല്യാൺ റോസ്ഗാർ യോജന എന്ന പേരിലുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി 20ന് ഉദ്ഘാടനം ചെയ്യും. ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ 125 ദിവസം നീണ്ടുനിൽക്കുന്ന നിർമ്മാണ പ്രവർത്തനമാണിത് . 50000 കോടി രൂപയുടെ ചെലവ് വരുന്ന പദ്ധതി കൊണ്ട് പശ്ചാത്തല വികസനവും തൊഴിലവസരം ഉറപ്പുവരുത്തലുമാണ് ഉദ്ദേശിക്കുന്നത്.
മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും ഗ്രാമീണർക്കുമായാണ് പദ്ധതി . ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി എന്നിവരുടെ സാന്നിദ്ധ്യത്തിൽ 20ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ബിഹാറിലെ ഖഗാരിയ ജില്ലയിലെ തേലിഹാർ ഗ്രാമത്തിൽ നിന്നാണ് പദ്ധതി തുടങ്ങുക. വിവിധ തരത്തിലുള്ള 25 നിർമ്മാണ പ്രവർത്തനങ്ങൾ 125 ദിവസം കൊണ്ട് തീർക്കും.
ബിഹാർ, മദ്ധ്യപ്രദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ,ജാർഖണ്ഡ് ,ഒറിസ സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുക. ഗ്രാമീണ വികസന മന്ത്രാലയം, പഞ്ചായത്തിരാജ്, ദേശീയ പാത, റോഡ് ഗതാഗതം. കൽക്കരി, ശുദ്ധജല വിതരണം, പരിസ്ഥിതി ,റെയിൽവേയ്‌സ്, പെട്രോളിയം പ്രകൃതി വാതകം, ടെലികോം,കൃഷി തുടങ്ങിയ വകുപ്പുകൾ ഏകോപിച്ചാണ് പദ്ധതി നടത്തുക.