pic

തിരുവനന്തപുരം: പ്രവാസികളോട് സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പരിശോധന ഫലം നിർബന്ധമാക്കിയ സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്ന് പറഞ്ഞ അദേഹം പ്രവാസികളുടെ വരവ് എങ്ങനെ തടയാമെന്നതിൽ സംസ്ഥാന സർക്കാർ ഗവേഷണം നടത്തുകയാണെന്നും പരിഹസിച്ചു. കേന്ദ്രവും സംസ്ഥാനവും പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. വഞ്ചനാപരമായ നിലപാടാണ് പ്രവാസികളോട് സർക്കാർ സ്വീകരിക്കുന്നത്. പ്രവാസികളെ സ്വീകരിക്കുമെന്ന നിലപാട് സർക്കാർ മാറ്റിയെന്നും മനുഷ്യത്വം ഇല്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദേഹം പറഞ്ഞു.

നോർക്കയും ലോക കേരളസഭയും പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്‌തില്ല. ആഭ്യന്തര വിമാന സർ‌വീസുകളിൽ കൊവിഡ് ഉള്ളവരും യാത്ര ചെയ്യാനുണ്ടാകും പിന്നെ പ്രവാസികളോട് മാത്രം എന്തിനാണ് ഈ വിവേചനമെന്നും അദേഹം ചോദിച്ചു. പ്രവാസികൾക്ക് ഇതുവരെ വേണ്ട സഹായങ്ങളെല്ലാം ചെയ്‌തത് പ്രവാസി സംഘടനകളാണ്. കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ തീരുമാനം പ്രവാസ ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും അദേഹം പറഞ്ഞു. പ്രവാസികളെ ദുരിതത്തിലാക്കിയ സർക്കാർ പറഞ്ഞ വാക്കുമാറ്റി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടുക എന്നത് പല രാജ്യങ്ങളിലും എളുപ്പമല്ല. പിറന്ന നാട്ടിലേക്ക് മടങ്ങി വരേണ്ടത് പ്രവാസികളുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.