കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. പത്താം പ്രതി സഹലാണ് ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം.അഭിമന്യുവിന്റെ സുഹൃത്ത് അർജുണിനെ കുത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കഴിഞ്ഞ നവംബറിൽ കീഴടങ്ങിയിരുന്നു.
കേസിൽ ഒമ്പത് പ്രതികൾക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു. അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജാവേദ് മൻസിലിൽ ജെ.ഐ മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18),പത്തനംതിട്ട കോട്ടങ്കൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം റജീബ്(25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൾ നാസർ (നാച്ചു 24), ആരിഫിന്റെ സഹോദരൻ എരുമത്തല ചാമക്കാലായിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച് സനീഷ് (32) എന്നിവർക്കെതിരെയാണ് കേസിൽ പ്രാരംഭ വിചാരണ തുടങ്ങിയത്.