covid

കണ്ണൂർ: എക്സൈസ് ഡ്രൈവറുടെ മരണം വളരെ ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ നാരായണ നായിക്ക്. കണ്ണൂരിൽ അൽപ്പം മുമ്പാണ് കൊവിഡ് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ പടിയൂർ സ്വദേശി സുനിൽ (28) മരിച്ചത്. മട്ടന്നൂർ എക്സൈസ് റേയ്ഞ്ച് ഓഫീസിലെ ഡ്രൈവറായ പടിയൂർ സ്വദേശിയായ സുനിലിനെ കടുത്തപനിയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യുമോണിയ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതോടെ ഞായറാഴ്ച കണ്ണൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ന്യുമോണിയ ഇരുശ്വാസകോശങ്ങളുടേയും പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സുനിലിന്റെ സമ്പർക്കപട്ടികയിൽ 25 ബന്ധുക്കളും 18 സഹപ്രവർത്തകരുമുണ്ട്. സുനിലിന് മറ്റ് അസുഖങ്ങൾ ഉള്ളതായി അറിയില്ലെന്നും മരണകാരണം കൊവിഡ് മാത്രമാകാനാണ് സാദ്ധ്യതയെന്നും ഡി.എം.ഒ വ്യക്തമാക്കി. ആർക്കും രോഗം വരാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസിൽ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവറായ സുനിൽ ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് പ്രതിയുമായി തോട്ടടയിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി. അതേസമയം ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പതിന്നാലുകാരന്റെ രോഗത്തിന്റെ ഉറവിടം തേടിയും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.