കൊച്ചി: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കളമശേരി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരോടും ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയതായി ഐ.ജി വിജയ് സാഖറെ. ആകെ 59 പൊലീസുകാരാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളത്. നിലവിൽ 13 പൊലീസുകാരാണ് രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. എങ്കിലും എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയതായി ഐ.ജി അറിയിച്ചു.
എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോം ക്വാറന്റീൻ- ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ഡ്യുട്ടി നോക്കിയിരുന്ന ഇദ്ദേഹം ഈ മാസം 15നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഇതേത്തുടർന്ന് സ്രവപരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
കളമശേരി പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കാനും തീരുമാനമായിട്ടുണ്ട്. മറ്റ് സ്റ്റേഷനുകളിൽ നിന്നും കളമശേരി സ്റ്റേഷനിലേക്ക് പൊലീസുകാരെ നിയോഗിക്കും. പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഐ.ജി മാദ്ധ്യമങ്ങളോട് പറഞ്ഞു.