നെയ്യാറ്റിൻകര : നെയ്യാർ ഡാമിൽ നിന്നും ജലവിതരണത്തിനായി നിർമ്മിച്ച കനാലുകൾ ഉപയോഗശൂന്യമായത് മേഖലയിലെ കർഷകരെ ദുരിതത്തിലാക്കും. കനാൽ ജലം ആശ്രയിച്ച് കൃഷി ഇറക്കുന്നവരാണ് മഴ മാറുന്നതോടെ പ്രതിസന്ധിയിലാവുക. വർഷം തോറും ശുചീകരിച്ച് അറ്റകുറ്റപ്പണികൾ ചെയ്യാത്തതോടെ കനാലുകൾ നാശോന്മുഖമായി. കനാലുകളുടെ ചോർച്ച അടയ്ക്കാത്തത് കാരണം ജലവിതരണവും അസാദ്ധ്യമായിരിക്കുകയാണ്. കനാലിനു ഇരുവശത്തെയും കർഷകരെ സംയോജിപ്പിച്ച് നടപ്പാക്കിയ സംയോജിത കൃഷി പദ്ധതി ജലവിതരണം കൃത്യമായി നടത്താത്ത് കാരണം പരാജയപ്പെട്ടു. കനാലുകളിൽ ജലം തുറന്നാൽ പ്രദേശത്തെ കിണറുകളിൽ ജലം നിറയുകയും കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാകുകയും ചെയ്യുമായിരുന്നു. എന്നാൽ ജലം തുറന്നു വിടത്തത് കാരണം കൃഷി പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇടതുകര -വലതുകര കനാലുകളിൽ നെയ്യാർ ജലസംഭരണിയിലെ ജലം ആവശ്യത്തിന് തുറന്നു വിട്ടിരുന്നുവെങ്കിൽ നെയ്യാറ്റിൻകര താലൂക്കിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും നെല്ലും ഇവിടെത്തന്നെ ഉത്പാദിപ്പിക്കാമായിരുന്നതായി കർഷകർ പറയുന്നു.
ഭീഷണിയായി കനാൽ
ശബരിമുട്ടം കനാലിൽ നിന്നും കമുകിൻകോട് പള്ളിയുടെ പിന്നിലൂടെ കൊച്ചുപള്ളി ഭാഗത്തേക്ക് പോകുന്ന കൊച്ചുപള്ളി - ചാലറത്തല റോഡിനു സമാന്തരമായ കനാൽവഴി നാട്ടുകാർക്ക് ഭീഷണിയായി മാറി. കാടുംപടർപ്പുമായി കനാൽ വരമ്പുകൾ ഇടിഞ്ഞുതാണ് കാൽനടയാത്ര ദുഷ്കരമായി. കൊച്ചുപള്ളി തീർത്ഥാടന പള്ളിയിലേക്കും കമുകിൻകോട് സ്കൂളിലേക്കും ഈ വഴിയാണ് ഉപയോഗിക്കുന്നത്. കാട് വെട്ടിത്തെളിച്ച് കനാൽ സൈഡ് ഭിത്തി കെട്ടുകയോ ഈ ഭാഗത്ത് കവറിംഗ് സ്ളാബ് ഇടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിയന്നൂർ പഞ്ചായത്തു കമ്മിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രയോജനം കാട്ടാക്കട മുതൽ പൂവാർ വരെയുള്ളവർക്ക്
കനാൽ ഇഴജന്തുക്കളുടെ താവളമായി
കനാലിന്റെ പല ഭാഗങ്ങളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി
കനാൽ സംരക്ഷിക്കണം
കനാൽ ശുചീകരിച്ച് സൈഡ് വാൾ കെട്ടി സംരക്ഷിക്കമെന്ന് കമുകിൻകോട് റസിഡന്റ്സ് അസോസിയേഷൻ മുഖ്യ രക്ഷാധികാരി വി. രാജേന്ദ്രനും കോ - ഓർഡിനേറ്റർ ശാന്തകുമാർ കമുകിൻകോടും ആവശ്യപ്പെട്ടു.
caption
കമുകിൻകോട് കൊച്ചുപള്ളി -ചാലറത്തല റോഡിനു സമീപത്തെ കനാൽ കാടുമൂടിയ നിലയിൽ