തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് എങ്ങനെ മുടക്കാമെന്ന് സംസ്ഥാന സർക്കാർ ഗവേഷണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കുമെന്നും ചെന്നിത്തല അറിയിച്ചു.ഇതിന് പിന്തുണയർപ്പിച്ച് ജില്ലാകേന്ദ്രങ്ങളിൽ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും.
ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ മടങ്ങിയെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സർക്കാർ, മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. വിമാനങ്ങളിൽ രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരും ഒന്നിച്ചുവന്നാൽ രോഗവ്യാപനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിമാനങ്ങളെക്കാൾ കൂടൂതൽ യാത്രക്കാർ ട്രെയിനുകളിൽ വരുന്നുണ്ട്. അപ്പോൾ രോഗ്യാവ്യാപനമുണ്ടാകില്ലേ?.. വിമാനങ്ങളിലെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുകയും,രോഗ ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുകയുമാണ് വേണ്ടത്. മടക്കയാത്ര നിഷേധിക്കരുത്. പരിശോധനയ്ക്ക് ഗൾഫിൽ സൗകര്യമില്ലെങ്കിൽ കേന്ദ്രം അതേർപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശവും പ്രായോഗികമല്ല. പ്രവാസികൾക്ക് ധനസഹായത്തിന് വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.