ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽഗാന്ധി. സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്കയച്ചത് എന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇതിനുത്തരവാദി ആരാണെന്ന് അറിയേണ്ടതുണ്ടെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. എന്നാൽ രാഹുൽ ഗാന്ധിക്ക് സൈന്യത്തിൽ വിശ്വാസമില്ലെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
അതേസമയം ചൈന കടുംപിടിത്തം തുടരുന്ന പശ്ചാത്തലത്തിൽ സൈനിക നീക്കം ഇന്ത്യ ഊർജിതമാക്കി. ആയുധങ്ങൾ സംഭരിക്കാൻ കര,വ്യോമ, നാവിക സേനകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള സൈനിക താവളങ്ങളിലേക്ക് ആയുധങ്ങളെത്തിക്കുന്നത് ത്വരിതപ്പെടുത്തി.
ഗൽവാൻ താഴ്‌വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന ചൈനയുടെ അവകാശവാദം അതിശയോക്തി കലർന്നതാണെന്നാണ് ഇന്ത്യയുടെ മറുപടി. പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും മേജർതല ചർച്ചകൾ ഇന്നും തുടരുമെന്നാണ് റിപ്പോർട്ടുകൾ.