edit

കൊവിഡുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ സമരങ്ങൾ ഉൾപ്പെടുത്താത്തതുകൊണ്ടാവാം നാടൊട്ടുക്കും ഇപ്പോൾ സമരങ്ങളുടെ വേലിയേറ്റമാണ്. കൊവിഡിനു മുൻപുള്ളത്ര ആൾക്കൂട്ടം ഇല്ലെന്നേയുള്ളൂ. എന്നാലും സമരമുഖങ്ങളിൽ പതിയെ ജനക്കൂട്ടം പടിപടിയായി വർദ്ധിക്കുന്നുണ്ട്. ജനകീയ പ്രശ്നങ്ങൾ മുൻനിറുത്തിയാണ് ഓരോ സമരവും അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ കുറ്റം പറയാനാവില്ല. അതേസമയം മഹാമാരി കൂടുതൽ കൂടുതൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്കും ലഗാനുമില്ലാത്ത സമരരീതികൾ എത്രകണ്ട് ആശാസ്യമാണെന്നു മറ്റാരും ചിന്തിച്ചില്ലെങ്കിലും സമരസംഘാടകരെങ്കിലും ചിന്തിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണ്. അത്രയധികം ഉത്ക്കണ്ഠാകുലമാകും വിധമാണ് ഓരോ ദിവസവും പൊതുവീഥികളെ ശ്വാസം മുട്ടിക്കുന്ന സമര കോലാഹലങ്ങൾ നടന്നുവരുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ എന്തിനോടും പ്രതിഷേധിക്കാനും എതിർക്കാനുമുള്ള പൗരാവകാശങ്ങളെ ചോദ്യം ചെയ്യാനാവില്ല. എന്നാൽ ഈ ദുരന്തകാലത്ത്, ജനങ്ങൾ ഒന്നടങ്കം വലിയ ഭീതിയിലും ആശങ്കയിലും കഴിയുമ്പോൾ എന്തിനുമേതിനും സമരവുമായി തെരുവിലിറങ്ങുന്നതിലെ ഔചിത്യമില്ലായ്മ രാഷ്ട്രീയകക്ഷികൾ ഇനിയും മനസിലാക്കാത്തത് വലിയ കഷ്ടം തന്നെയാണ്. ആവശ്യങ്ങളും ആവലാതികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാൻ കൊവിഡ് കാലത്ത് തെരുവിലിറങ്ങാതെ തന്നെ നേരായ വഴികളുണ്ട്. ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാവുന്നവയാണെങ്കിൽ സർക്കാർ അത് ഗൗരവപൂർവം പരിഗണിക്കുന്നുമുണ്ട്. ആവശ്യങ്ങൾക്കുപരി രാഷ്ട്രീയം കലരുന്നതാണ് സമരത്തിന്റെ രൂപവും ഭാവവും വ്യത്യസ്തമാകാൻ കാരണമാകുന്നത്. സാധാരണ അവസരങ്ങളിൽ ഇതൊക്കെ ആകാവുന്നതേയുള്ളൂ. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ എല്ലാ ദിവസവും അണികളെയും കൂട്ടി നേതാക്കൾ സമരപ്രഖ്യാപനവുമായി തെരുവിലിറങ്ങുകയാണ്. അവർക്കു മാത്രമല്ല ജനങ്ങൾക്കും ആരോഗ്യഭീഷണി ഉയർത്തുന്നതാണ് ചില സമരമുറകൾ എന്നു പറയാതെ വയ്യ.

കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും സുപ്രധാനം സാമൂഹിക അകലം പാലിക്കലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ഈ നിർദ്ദേശം കർക്കശമായി ഏവരും പാലിച്ചാൽ രോഗവ്യാപനം ഗണ്യമായി നിയന്ത്രിക്കാൻ കഴിയും. ജനകീയ പ്രശ്നങ്ങളുമായി സമരത്തിനിറങ്ങുന്നവർ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്നത് സാമൂഹിക അകലം എന്ന നിബന്ധനയാണ്. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ ഒട്ടൊക്കെ നിയന്ത്രണങ്ങൾ പാലിക്കാൻ രാഷ്ട്രീയ കക്ഷികൾ ശ്രദ്ധപുലർത്തിയിരുന്നു. സത്യാഗ്രഹങ്ങളും പ്രതിഷേധ മാർച്ചുകളുമൊക്കെ നിബന്ധന പാലിച്ചുകൊണ്ടുതന്നെയാണ് നടത്തിയിരുന്നത്. പിന്നെപ്പിന്നെ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടിയതോടെ എല്ലാം പഴയപടിയായിരിക്കുകയാണ്. ആൾക്കൂട്ടം പാടില്ലെന്ന നിബന്ധനപോലും കാറ്റിൽ പറത്തിയാണ് പ്രതിഷേധ മുറകൾ അരങ്ങുതകർക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഗതാഗതക്കുരുക്കിൽ നിന്ന് പൂർണ മോചനം നേടിയ നഗരവീഥികൾ വീണ്ടും കുരുക്കിലമരുകയാണ്. പ്രതിഷേധക്കാരും പ്രകടനക്കാരും വീഥികൾ കൈയടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ പൊലീസ് പെടാപ്പാടുപെടുകയാണ്. ഏതു പ്രതിഷേധ മാർച്ചിലും സെക്രട്ടേറിയറ്റ് ഗേറ്റിലെ ബാരിക്കേഡ് മറികടക്കാനുള്ള പ്രതിഷേധക്കാരുടെ ആവേശം പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും ബലപ്രയോഗത്തിലുമാണ് അവസാനിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും തുടർച്ചയായി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ അവ ആവർത്തിച്ചു. ഓൺലൈൻ ക്ളാസ് നടത്തിപ്പിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസിന് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടിവന്നു. കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ഇതുപോലുള്ള സമരമുറകളിൽ നിന്ന് കുട്ടികളെ അകറ്റിനിറുത്തേണ്ടത് മുതിർന്ന നേതാക്കളാണ്. അതെങ്ങനെ. പകലന്തിയോളം അവരും നാടുനീളെ ഓടിപ്പാഞ്ഞ് സമരങ്ങൾക്കു നേതൃത്വം നൽകുന്ന തിരക്കിലാണല്ലോ.

തലസ്ഥാന നഗരിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ബുധനാഴ്ച പൊലീസ് നടത്തിയ പരിശോധനകളിൽ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിൽ 48 കട ഉടമകൾക്കെതിരെ കേസെടുത്തതായി വാർത്ത കണ്ടിരുന്നു. പിഴയും ഈടാക്കി. ഇടപാടുകാരായി എത്തുന്നവർ അകലം പാലിക്കാതെ കടകളിൽ നിന്നതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് കട ഉടമകളാണ്. നിബന്ധന പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് ഉടമകളായതിനാലാണ് അവരെ ശിക്ഷിച്ചത്. സാമൂഹിക അകലമെന്ന നിബന്ധന കടകളിലാകാമെങ്കിൽ മറ്റിടങ്ങളിലും പാലിക്കപ്പെടേണ്ടതല്ലേ? കൂട്ടം കൂടിയുള്ള പ്രതിഷേധ സമരങ്ങളും പൊലീസ് നിര ഭേദിക്കലുമൊക്കെ നിയമപരമാകുന്നത് എങ്ങനെയാണ്? മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന്റെ പേരിൽ ഓരോ ദിവസവും അനവധി പേർക്കെതിരെ കേസെടുക്കാറുണ്ട്. സമരത്തിനിറങ്ങുന്ന എത്ര പേർക്ക് മാസ്ക് ഉണ്ടെന്ന് ആരെങ്കിലും നോക്കാറുണ്ടോ? ഇവർ ഉയർത്തുന്ന ആരോഗ്യഭീഷണി അവഗണിക്കാവുന്നതാണോ?

സംസ്ഥാനത്ത് ഓരോ ദിവസവും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ ആശങ്കയിൽ സാധാരണക്കാർ വെന്തുരുകുന്നതിനിടയിലാണ് ഓരോ പ്രശ്നത്തിന്റെ പേരിൽ പൊതുനിരത്തുകളിൽ അരങ്ങേറുന്ന സമര വേലിയേറ്റം. കൊവിഡ് ഭൂതത്തിന്റെ കടന്നാക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഓരോ കുടുംബവും നോക്കുന്നത്. പുറത്തിറങ്ങുന്നതുതന്നെ പ്രാണഭയത്തിലാണ്. ഓരോ വ്യക്തിയും പതിവിൽക്കവിഞ്ഞ ജാഗ്രതയും കരുതലും പാലിക്കേണ്ട സമയമാണിതെന്ന് ആരോഗ്യ വിദഗ്ദ്ധർ പേർത്തും പേർത്തും നൽകുന്ന മുന്നറിയിപ്പുകൾ വെറുതെയല്ലെന്ന് ഓർക്കണം. വീണ്ടുവിചാരമില്ലാതെ തെരുവുകളിൽ രാഷ്ട്രീയം കളിക്കുന്നവരും ഓർക്കേണ്ട കാര്യമാണിത്. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ തങ്ങളുടെ കൂടി ബാദ്ധ്യതയാണെന്ന് അവർക്കും വിചാരമുണ്ടാകണം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ മട്ടും മാതിരിയും കൊവിഡ് കാലത്തിനു ചേർന്നതല്ലെന്നു മനസിലാക്കാൻ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല. അതിഭീകരമാംവിധം കൊവിഡ് പിടിയിലായ സംസ്ഥാനങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്നായിരുന്നു മഹാമന്ത്രം. അത് ഏറ്റവും ഫലപ്രദമായിരുന്നു എന്നു തെളിഞ്ഞുകഴിഞ്ഞതാണ്. ആവശ്യത്തിനായി മാത്രം പുറത്തുപോകുക എന്നത് ജീവിത വ്രതമായി പിന്തുടരേണ്ട കാലമാണിത്. അനുയായികളെ തെരുവിലിറക്കി കുരുതി കൊടുക്കാൻ മുതിരരുത്.