pic

കണ്ണൂർ: കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. രോഗബാധിതരുടെ ബന്ധുക്കൾ നഗരത്തിലെ പല കടകളിലും എത്തിയതിനെ തുടർന്നാണ് നടപടി. ആളുകൾ ഇപ്പോഴും നഗരത്തിലേക്ക് വരുന്നത് പൊലീസിന് വെല്ലുവിളിയാണ്. സമ്പർക്ക രോഗബാധ കൂടുന്നതിനാൽ ജില്ല മുഴുവൻ ജാഗ്രതയിലാണെന്നും കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.

കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ് ഡ്രൈവർ മരിച്ചതോടെയാണ് കണ്ണൂരിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയത്. ബ്ലാത്തൂർ സ്വദേശിയായ കെ.പി സുനിലിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുകയാണ്. സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കണ്ണൂ‍ർ നഗരം പൂ‍ർണമായി അടച്ചു.

ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മട്ടന്നൂർ റെയ്ഞ്ചിലെ എക്സൈസ് ഡ്രൈവർ കെ.പി സുനിലിന് ഇന്ന് രാവിലെ ഏഴരയോടെയാണ് ഹൃദയസ്തംഭനം ഉണ്ടായത്. കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വസകോശത്തിന്റെയും പ്രവർത്തനം തകരാറിലായതിനാൽ മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.