pic

തിരുവനന്തപുരം: കണ്ണൂരിൽ കൊവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവർ സുനിൽ മരണപ്പെട്ടതോടെ, എക്സൈസ് വകുപ്പിൽ ജീവനക്കാ‌ർ ഭീതിയിൽ. രോഗ പ്രതിരോധത്തിന് സ‌ർക്കാരിൽ നിന്ന് യാതൊരു സംവിധാനവും സജ്ജമാക്കാത്തതാണ് ജീവനക്കാരെ ഭയപ്പാടിലാക്കുന്നത്. കൊവിഡ് പ്രതിരോധ, നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസിനെ സർക്കാർ അവശ്യ സർവീസുകളുടെ പട്ടികയിൽപ്പെടുത്തിയെങ്കിലും കൊവിഡിന്റെ തുടക്കം മുതൽ നാളിതുവരെ രോഗപ്രതിരോധത്തിനോ കരുതൽ നടപടികൾക്കോ സർക്കാരിൽ നിന്ന് യാതൊരു സഹായവും എക്സൈസ് സേനയ്ക്ക് ലഭിച്ചില്ല.

കണ്ണൂരിൽ ഇന്ന് യുവ എക്സൈസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിതനായി മരണപ്പെട്ടതോടെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഴുവൻ സമയവും ഫീൽഡിൽ പ്രവർത്തിക്കുന്ന സേനാംഗങ്ങളെല്ലാം ആശങ്കയിലായി. മരിച്ച ഉദ്യോഗസ്ഥന്റെ രോഗബാധയുടെ ഉറവിടം അജ്ഞാതമായി തുടരവേ ഡ്യൂട്ടിയ്ക്കിടെയുണ്ടായ സമ്പ‌ർക്കമാകാം രോഗബാധയ്ക്ക് കാരണമെന്നാണ് നിലവിലെ സംശയം. മട്ടന്നൂർ റേഞ്ച് ഓഫീസിലെ ഡ്രൈവറായ സുനിൽ എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂൺ മൂന്നാം തീയതി ജില്ലാ ആശുപത്രിയിൽ പോയിരുന്നു. അവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന.

സംസ്ഥാനം കൊവിഡ് ഭീതിയിലായ കഴിഞ്ഞ മാർച്ച് മുതൽ രോഗ നിർവ്യാപന പ്രവർത്തനങ്ങളിലും എൻഫോഴ്സ്മെന്റ് പ്രവർത്തികളിലും എക്സൈസ് സജീവമാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മദ്യശാലകൾ അടയ്ക്കുകയും നാടാകെ വ്യാജവാറ്റും വിൽപ്പനയും സജീവമാകുകയും ചെയ്തപ്പോഴെല്ലാം രാപകൽ ഓടി നടന്നവരാണ് എക്സൈസ് ഉദ്യോഗസ്ഥർ. ജീവനക്കാ‌ർ സ്വന്തം ചെലവിൽ വാങ്ങിയ ഗ്ളൗസും സാനിറ്റൈസറും മാസ്കുമായിരുന്നു ഇത്രനാളും രോഗ പ്രതിരോധത്തിന് ഇവരുടെ കൈമുതൽ. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് യാതൊരുവിധ സാമ്പത്തിക സഹായമോ സുരക്ഷാ ഉപകരണങ്ങളോ എക്സൈസ് ഓഫീസുകൾക്കോ ഉദ്യോഗസ്ഥ‌ർക്കോ ലഭിച്ചില്ല. കഴിഞ്ഞ മൂന്നുമാസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നുവർഷംകൊണ്ട് പിടിക്കുന്നത്ര വാറ്റ് കേസുകളും തൊണ്ടി മുതലുകളുമാണ് കണ്ടെത്തിയത്. കേസിലെ മിക്ക പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കടത്തിയ കിലോ കണക്കിന് കഞ്ചാവും പലയിടങ്ങളിൽ നിന്നായി പിടികൂടി. തിരുവനന്തപുരത്ത് അബ്കാരികേസിൽ പൊലീസ് പിടികൂടിയ പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പൊലീസ് സ്റ്റേഷൻ അടച്ചിടുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടായിട്ടും കരുതലോടെയുള്ള പ്രവർത്തനമാണ് എക്സൈസ് ഓഫീസുകളെ കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷിച്ചത്. പൊലീസിനൊപ്പം മുഴുവൻ സമയവും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ മുഴുകുന്ന എക്സൈസിന് സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ സ‌ർക്കാരോ എക്സൈസ് വകുപ്പോ താൽപ്പര്യം കാണിച്ചില്ല. കണ്ണൂരിൽ ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചതോടെ എൻഫോഴ്സ്‌‌മെന്റ് പ്രവർത്തനങ്ങൾക്ക് ജീവനക്കാ‌ർ വിമുഖരാകുകയാണ്.

പി.പി.ഇ കിറ്റ്,​ ഗ്ളൗസ്,​ മാസ്ക് ,​ സാനിട്ടൈസർ,​ തെർമ്മൽ സ്കാനർ,​വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള സംവിധാനം എന്നിവ സംസ്ഥാനത്തെ എക്സൈസ് സേനയ്ക്ക് അടിയന്തരമായി ലഭ്യമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഡ്രൈവറുടെ മരണത്തോടെ പല റേഞ്ച് ഓഫീസുകളിലും ഓഫീസ‌ർമാർ സ്വന്തം കീശയിൽ നിന്ന് കാശ് മുടക്കി പി.പി.ഇ കിറ്റും സാനിറ്റൈസറും മാസ്കും വാങ്ങിയിട്ടുണ്ടെങ്കിലും വൻ തുക മുടക്കി എത്രനാൾ ഇവ സ്വന്തം ചെലവിൽ വാങ്ങി സ‌ർക്കാരിനെ സേവിക്കാനാകുമെന്ന് ആർക്കും നിശ്ചയമില്ല. സർക്കാരോ പൊതുമേഖലാസ്ഥാപനങ്ങളോ ഇടപെട്ട് ഓരോ എക്സൈസ് ഓഫീസിനും ആവശ്യമായ കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.