ന്യൂയോർക്ക് : കുപ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയ തലവനും അമേരിക്കൻ ഐക്യനാടുകളെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും അടക്കിവാണിരുന്ന ഡ്രഗ് ലോർഡുമായിരുന്ന പാബ്ലോ എസ്കോബാറിന്റെ അനുയായി കാർലോസ് ലെഡർ ജയിൽ മോചിതനായി. അമേരിക്കൻ ജയിലിൽ കഴിഞ്ഞിരുന്ന കാർലോസിനെ ജർമനിയിലേക്ക് നാടുകടത്തി. ജർമൻ വംശജനായ 70കാരനായ കാർലോസ് കൊളംബിയയിലായിരുന്നു ജീവിച്ചത്.
ബഹമാസിലെ സ്വകാര്യ ദ്വീപിൽ നിന്നും അമേരിക്കൻ ഭൂഖണ്ഡത്തെ മുഴുവൻ കണ്ണിയാക്കിമാറ്റിയ ലഹരി കള്ളക്കടത്ത് ശൃംഖലയിലൂടെയാണ് കാർലോസ് പ്രസിദ്ധനായത്. 1987ൽ കൊളംബിയയിൽ നിന്നും പിടികൂടപ്പെട്ട കാർലോസിനെ യു.എസിന് കൈമാറുകയായിരുന്നു. യു.എസിൽ എസ്കോബാറിന് 135 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചത്. എന്നാൽ അധികൃതരുമായി സഹകരിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കാർലോസിനെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജയിലിൽ നിന്നും മോചിപ്പിച്ചിരിക്കുന്നത്. കാർലോസ് ക്യാൻസർ ബാധിതനാണെന്നും ജർമനിയിൽ ബന്ധുക്കളാരുമില്ലാത്തതിനാൽ ഒരു സാമൂഹ്യക്ഷേമ സംഘടനയാണ് കാർലോസിന്റെ പരിചരണം ഏറ്റെടുത്തിരിക്കുന്നതെന്നും കാർലോസിന്റെ മകൾ മോണിക്ക ഒരു കൊളംബിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 17 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പിതാവിനെ കാണുന്നതെന്നും മോണിക്ക പറയുന്നു.
ചില അധികൃതരുടെ സഹായത്തോടെ ഫ്ലോറിഡാ തീരത്ത് നിന്നും 210 മൈൽ അകലെയുള്ള നോർമാൻസ് കെയ് ദ്വീപിലായിരുന്നു ലോഡ് കണക്കിന് മയക്കുമരുന്ന് നിറച്ച വിമാനങ്ങൾ കാർലോസ് എത്തിച്ചിരുന്നത്. ഒരു ഫാമിൽ നിന്നുമാണ് കൊളംബിയൻ ഭരണകൂടം കാർലോസിനെ പിടികൂടിയത്. കാർലോസിന്റെ പിതാവ് ജർമനിയിൽ നിന്നും കൊളംബിയയിലേക്ക് കുടിയേറിയതാണ്. ജർമൻ വംശജൻ ആണെങ്കിലും കാർലോസ് ആദ്യമായാണ് ജർമനിയിൽ എത്തുന്നത്. നിലവിൽ കാർലോസിന്റെ പേരിൽ ജർമനിയിൽ കുറ്റകൃത്യങ്ങളൊന്നും നിലവിലില്ല. ജയിൽ മോചിതനായ കാർലോസിന് കൊളംബിയയിലേക്ക് മടങ്ങാൻ ആഗ്രഹമില്ലായിരുന്നു എന്നാണ് റിപ്പോർട്ട്. ജർമനിയിൽ ബെർലിനിലാണ് ഇനി കാർലോസ് ജീവിക്കാൻ പോകുന്നത്. യു.എസ് അധികൃതർ കാർലോസിനെ ജർമനിയ്ക്ക് കൈമാറി കഴിഞ്ഞതായാണ് വിവരം.
70 കളിലും 80 കളിലും അമേരിക്കയിലെ ലഹരിക്കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് പാബ്ലോ എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡലിൻ കാർട്ടൽ ആയിരുന്നു.
കൊക്കെയ്ൻ കടത്തലിലൂടെ കോടീശ്വരനായ എസ്കോബാർ പാവപ്പെട്ടവർക്കായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്‌ത മനുഷ്യൻ കൂടിയായിരുന്നു. കൊക്കെയ്ൻ രാജാവായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ എസ്കോബാർ കൊളംബിയയിൽ ഒരു വിഭാഗം ജനതയുടെ ആരാധനാപാത്രം കൂടിയായിരുന്നു. 1993ലാണ് എസ്കോബാർ കൊല്ലപ്പെട്ടത്.