ന്യൂഡൽഹി: 2020-21 അദ്ധ്യയന വർഷത്തേക്ക് കണ്ണൂർ മെഡിക്കൽ കോളേജിന് അഫിലിയേഷൻ നൽകുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ എതിർകക്ഷികളായ കണ്ണൂർ മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസയച്ചു. അഡ്മിഷന്‍ മേൽനോട്ട കമ്മിറ്റിയും വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
അഫിലിയേഷൻ അനുവദിക്കുന്നതിനായി 10 കോടിയുടെ ബാങ്ക് ഗ്യാരന്റിയും കോളേജ് നിൽക്കുന്ന 25 ഏക്കർ സ്ഥലത്തിന്റെ പ്രമാണവും കോടതി രജിസ്ട്രാർക്ക് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കഴിഞ്ഞ അദ്ധ്യായന വർഷവും കണ്ണൂർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി പ്രവേശനം നടന്നിരുന്നില്ല.
2016-17 അദ്ധ്യായന വർഷത്തിൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഫീസ് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പൂർണമായും കോളേജ് നടപ്പാക്കിയിട്ടില്ലെന്ന് അഡ്മിഷൻ മേൽനോട്ട കമ്മിറ്റി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കമ്മിറ്റിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സി.കെ ശശി എന്നിവരും വിദ്യാർത്ഥികൾക്ക് വേണ്ടി രാകേന്ദ് ബസന്തും ആണ് ഹാജരായത്.