agri

വെഞ്ഞാറമൂട് :ഫലവർഗങ്ങൾ സമൃദ്ധമായ കേരളം ലക്ഷ്യമിട്ട് ഒരു കോടി തൈകൾ വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'ഒരു കോടി ഫലവൃക്ഷ തൈ വിതരണം' പദ്ധതിക്ക് പുല്ലമ്പാറ കൃഷിഭവനിൽ തുടക്കമായി.കാർഷിക വികസന കർഷകക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഭവൻ അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി നിർവഹിച്ചു. കൃഷി ഓഫീസർ യമുന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രീത മനോജ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകൾ, അഗ്രോ സർവീസ് സെന്റർ, കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ ഉത്പാദിപ്പിച്ച പുളി, പ്ലാവ്, പാഷൻ ഫ്രൂട്ട്, പേര, നേന്ത്രവാഴക്കന്ന്, ടിഷ്യൂ കൾച്ചർ വാഴ എന്നിവയുടെ തൈകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 500 രൂപ വില വരുന്ന ഫലവൃക്ഷ തൈകൾ 100 ശതമാനം സബ്സിഡി നിരക്കിലാണ് സ്റ്റിയറിംഗ് കമ്മിറ്റിയും കാർഷിക വികസന സമിതിയും അംഗീകരിച്ച ഗുണഭോക്താക്കൾക്ക് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് കർഷകർ അതത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടേണ്ടതാണെന്ന് കൃഷി ഓഫീസർ യമുന അറിയിച്ചു.