പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും നിരന്തരം തുടരുന്ന കേരളത്തിൽ ഉത്കണ്ഠയുടെയും ഭയാശങ്കയുടെയും ഇരുൾമേഘമായി മുല്ലപ്പെരിയാർ ഉരുണ്ടുകൂടാൻ തുടങ്ങിയിട്ട് കാലമേറെയായി. തൊഴിൽ വൈദഗ്ദ്ധ്യവും അർപ്പണബോധവും കൈമുതലായിരുന്ന വിദഗ്ദ്ധസംഘത്തിന്റെ കരവിരുതിൽ രൂപം കൊണ്ട അണക്കെട്ടായതുകൊണ്ട് വിശ്വാസത്തിന്റെ ഉരുക്കുകോട്ടയായി അതിപ്പോഴും നിലനിൽക്കുന്നു എങ്കിലും ഇനി എത്രനാൾ ആ വിശ്വാസം സൂക്ഷിക്കാനാവുമെന്ന് ആർക്കും അറിയില്ല.
രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയം എന്ന പരിഗണനയേ കൈവന്നിട്ടുള്ളുവെന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോഴും തുടരുന്ന ദുർവിധിയെ കഠിനതരമാക്കുന്നത്.
ചർച്ചയും പരിഹാരവുമൊന്നുമില്ലാതെ മുല്ലപ്പെരിയാർ വിഷയം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.
ചരിത്രം
ഇടുക്കി ജില്ലയിലെ ദേവികുളത്തിനു തെക്കുഭാഗത്തുള്ള ശിവഗിരിക്കൊടുമുടിയിൽ നിന്നാണ് പെരിയാറിന്റെ തുടക്കം. 226 കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ഭവസ്ഥാനത്തുനിന്നും പതിനഞ്ചുകിലോമീറ്റർ പിന്നിടുമ്പോൾ മുല്ലയാർ എന്ന ഒരു ചെറുനദികൂടി ഒപ്പം ചേരുന്നതുകൊണ്ടാണ് മുല്ലപ്പെരിയാർ എന്ന പേര് ഇൗ നദിക്ക് ലഭിച്ചത്. ഇതിന് സമീപത്തായി സമുദ്രനിരപ്പിൽ നിന്ന് 873 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ അക്കാലത്ത് സമൃദ്ധമായ മഴ ലഭിച്ചിരുന്നതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം സംരക്ഷിക്കാനുള്ള നടപടികളൊന്നും തിരുവിതാംകൂർ ഗവൺമെന്റ് സ്വീകരിച്ചിരുന്നില്ല. അതേസമയം അയൽസംസ്ഥാനമായ മ്രദാസ് പ്രവിശ്യയിലെ മധുര, രാമനാട്, ജില്ലകളിൽ മഴ വളരെ കുറവായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മദ്രാസ് സംസ്ഥാനം. പെരിയാറിലെ ജലം കെട്ടിനിറുത്തി മധുര, രാമനാട് ജില്ലകളിലൂടെ
ഒഴുക്കിവിട്ടാൽ അവിടത്തെ കൃഷിക്ക് പരിഹാരം കാണാൻ കഴിയുമെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികൾ അതിനായുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഗവൺമെന്റ് പ്രതിനിധിയായ റസിഡന്റ് ഫിഷർ 1862 സെപ്തംബർ 22ന് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മാധവറാവുവിന്, പെരിയാറിലെ ജലം മദ്രാസ് പ്രവിശ്യയിലേക്ക് ജലസേചനത്തിനായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു.
തുടർന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ പദ്ധതിയെ സംബന്ധിച്ച് കരാറുണ്ടാക്കി. 1886 ഒക്ടോബർ 29ന് (1062 തുലാം 14) തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളിന് വേണ്ടി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ് ടണുമാണ് പാട്ടക്കരാറിൽ ഒപ്പുവച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിട്ട് നൂറുവർഷം പിന്നിടുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പിയായ പെനിക്വിക് ഡാമിന് നൽകിയ ആയുസ് അമ്പതുവർഷം മാത്രം. ഇപ്പോഴും അണക്കെട്ട് അങ്ങനെ തുടരുന്നത് ദൈവകാരുണ്യം കൊണ്ടുമാത്രം.
142 അടി ഉയരത്തിലായിരുന്നു മുല്ലപ്പെരിയാറിന്റെ ആദ്യകാല ജലസംഭരണം. ഇതിൽകൂടുതൽ ജലസംഭരണത്തിന് സുപ്രീംകോടതി അനുവാദം കൊടുത്തിരിക്കുകയാണിപ്പോൾ. ഒരു പ്രളയമോ ഉരുൾപ്പൊട്ടലോ ഉണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിനെ അതിജീവിക്കുമെന്ന് ആരും കരുതുന്നില്ല- തമിഴ്നാട് ഒഴികെ. കേരള സർക്കാർ കൊണ്ടുവന്ന ഡാം സുരക്ഷാനിയമത്തെ ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്.
'മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. മുല്ലപ്പെരിയാറിന് ഒരു ചെറിയ ഭൂകമ്പത്തെപ്പോലും താങ്ങാനുള്ള ശേഷിയില്ല. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാർ തകർന്നാൽ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കിഡാമിന്റെ തകർച്ചയ്ക്കുമത് കാരണമാകും. നിരന്തരം ചുണ്ണാമ്പുചോരുന്നതിനാൽ ഡാമിന്റെ ബലം കുറഞ്ഞുവരികയാണ്. ഇപ്പോഴുള്ളതിന് പകരം പുതിയൊരു ഡാം നിർമ്മിക്കുകയാണ് ഒരേയൊരു പോംവഴി." വിദഗ്ദ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
മുല്ലപ്പെരിയാർ പ്രശ്നം മഴ കനക്കുമ്പോൾ മാത്രം എല്ലാവരുടെയും ഉറക്കം കെടുത്തുകയും വെയിൽ പരക്കുമ്പോൾ എല്ലാം ശാന്തമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസമായാണ് ഇപ്പോൾ നിലനിൽക്കുന്നത്. വലിയ സാങ്കേതിക വിദ്യകളില്ലാതെ, സിമന്റിനെക്കാൾ ബലം കുറഞ്ഞ ചുണ്ണാമ്പ് മിശ്രിതമായ സുർഖികൊണ്ട് നിർമ്മിച്ച ഇൗ അണക്കെട്ട് ഇത്രനാൾ നിലനിന്നത് തന്നെ അത്ഭുതമാണ്. ഏതുനിമിഷവും കൊടിയ നാശം വിതയ്ക്കാവുന്ന ഒരു കൂറ്റൻ ജലബോംബും നെഞ്ചിൽ വച്ചുകൊണ്ട് ഒരു ജനതയാകെ ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോഴും നിസ്സംഗത തുടരുന്ന തമിഴ്നാടിന്റെ നിലപാട് അങ്ങേയറ്റം അപലപനീയവും തീർത്തും മനുഷ്യത്വരഹിതവുമാണ്. കേരളത്തിന് ഒരു പ്രയോജനവുമില്ലാത്തതും ഭീമമായ നഷ്ടമുണ്ടാക്കുന്നതും എല്ലാറ്റിനുമുപരി മനുഷ്യജീവന് എക്കാലവും ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളതുമാണ് മുല്ലപ്പെരിയാർ കരാർ. അനീതിയുടെയും അശാന്തിയുടെയും അന്യായമായ ഇൗ കരാർ എത്രയും വേഗം റദ്ദാക്കാൻ വേണ്ട ശക്തമായ നടപടികൾ ഉണ്ടാകണം. തമിഴ്നാടിന്റെ ന്യായമായ ആവശ്യങ്ങൾ നീതിപൂർവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇനി ഒട്ടും അമാന്തിച്ചുകൂടാ. പാഴാക്കുന്ന ഒാരോ നിമിഷവും അത്രമേൽ വിലപ്പെട്ടതാണ്.