വെള്ളറട: തമിഴ്നാട്ടിൽ നിന്നു പനി ബാധിച്ച് ചികിത്സതേടിയെത്തിയ പതിനഞ്ചുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളറട സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ പത്തുപേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കേരള -തമിഴ്നാട് അതിർത്തിയായ പത്തുകാണി സ്വദേശിനിയാണ് ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്. പരിശോധന കഴിഞ്ഞ് പനിക്കുള്ള മരുന്നും വാങ്ങിയ ശേഷം ഇവരുടെ ബന്ധുവിന്റെ കാറിൽ പത്തുകാണിയിലെ വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. പനി മാറാത്തതിനെ തുടർന്ന് ഇവരെ ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മകൾക്കു പുറമെ മാതാവിനും (43),സഹോദരനും (18) കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരെയും 16-ാം തിയതിയാണ് ആശാരിപള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിറ്റേന്നാണ് കൊവിഡ് റിസൾട്ട് പോസിറ്റീവാണെന്ന് അറിയുന്നത്. ഇവർ തമിഴ് നാട്ടിലെ പത്തുകാണിയിൽ നിന്ന് ആറുകാണിവരെ നടന്നുവന്ന ശേഷം കൂട്ടപ്പൂ ശൂരവക്കാണി സ്വദേശിയായ യുവാവിന്റെ ആട്ടോയിലാണ് വെള്ളറട ആശുപത്രിയിലെത്തിയത്. ആട്ടോ ഡ്രൈവറെയും കണ്ടുപിടിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 13ന് ഉച്ചയ്ക്ക് ആശുപത്രിയിൽ ഇവർ ഉണ്ടായിരുന്നപ്പോൾ എത്തിയവരുടെ ലിസ്റ്റും ശേഖരിച്ചുവരികയാണ്. ഇവരെ വെള്ളറട ആശുപത്രിയിൽ നിന്ന് പത്തുകാണിയിലെ വീട്ടിലെത്തിച്ച കാട്ടാക്കട സ്വദേശിയായ ബന്ധുവിനെയും ക്വാറന്റൈനിലാക്കി. ഈ ദിവസം ആശുപത്രിയിൽ വന്നവരെ കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിനു പുറമേ സെക്കൻഡറി കോൺട്രാക്ടിനെ പരമാവധി കണ്ടെത്താനും ക്വാറന്റൈൻ ചെയ്യിക്കാനും നടപടികൾ ആരംഭിച്ചു. സ്രവപരിശോധന നടത്താനും ഇവരുടെ റൂട്ട് മേപ്പ് തയ്യാറാക്കുന്ന ജോലികളും നടന്നു വരികയാണ്. ആശുപത്രി ശുചീകരിക്കുന്നതിന് ഫയർ ഫോഴ്സിന്റെ സഹായവും തേടിയിട്ടുണ്ട്.
അടിയന്തര യോഗം ഇന്ന്
ആശുപത്രിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ല മെഡിക്കൽ ഓഫീസറുടെയും എം.എൽ.എയുടെയും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് വനം വകുപ്പിന്റെ ആനപ്പാറയിലുള്ള കമ്മ്യൂണിറ്റി ഹാളിൽ യോഗം വിളിച്ചിട്ടുണ്ട്.