pooja-room-

കൊവിഡ് വ്യാപന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ദർശനം വേണ്ടെന്നുവച്ചത് നന്നായി.

ഇൗ ചുറ്റുപാടിൽ വീടുകളിലെ പൂജാമുറിയുടെ പ്രസക്തി വർദ്ധിക്കുന്നു. പണ്ടൊക്കെ പൂജാമുറിയിൽ തൊഴുത് പ്രാർത്ഥിച്ച് ആത്മനിർവൃതി നേടുന്നവരായിരുന്നു ഭക്തജനങ്ങളിൽ ഏറെപ്പേരും. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമില്ലാത്ത ഹീനജാതികൾ എന്നു പറയപ്പെട്ടിരുന്ന ഇൗഴവർ, വിശ്വകർമ്മജർ, ഗണകർ, പുലയർ, നായാടികൾ തുടങ്ങിയവരും വീടുകളിൽ വച്ചുതന്നെയാണ് ആരാധന നടത്തിയിരുന്നത്. അതുകൊണ്ടു ആർക്കും പ്രത്യേക ദോഷമൊന്നും ഉണ്ടായിരുന്നില്ല.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്വം തന്നെ അയമാത്മബ്രഹ്മാ എന്നാണ്. അതായത് അവനവന്റെ ഉള്ളിൽതന്നെയാണത്രെ ഇൗശ്വരചൈതന്യം കുടികൊള്ളുന്നത്. മാത്രവുമല്ല, ഇൗശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്ന് ആചാര്യന്മാർ പറഞ്ഞുവച്ചിട്ടുമുണ്ട്.

എന്നുവച്ചാൽ യഥാർത്ഥ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി പൂജാമുറിവിട്ട് എവിടെയും പോകേണ്ട ആവശ്യമില്ല എന്നുസാരം. എന്നാൽ വിശേഷാൽ വഴിപാടുകളായ ശത്രുസംഹാര പൂജ, സ്വയംവരപൂജ, ഋണമോചനപൂജ, കാര്യസിദ്ധിപൂജ, തൂലികാപൂജ തുടങ്ങിയവ നടത്തേണ്ടവർക്ക് ക്ഷേത്രത്തിൽ പോകാവുന്നതുമാണ്. ഏതായാലും കൊവിഡ് വ്യാപനം സങ്കീർണമായി വരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിന് പകരം പൂജാമുറി എന്ന ഒരു സംസ്കാരം നാടിനും നാട്ടാർക്കും വേണ്ടി വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ.

കൊടും വെട്ടുകൾ പാടില്ല

ജൂൺ 16ന് നിയമനങ്ങൾ സുതാര്യമാകണം" എന്ന കേരളകൗമുദിയിലെ മുഖപ്രസംഗം അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതാണ്. കൗമുദി ചൂണ്ടിക്കാട്ടിയതാണ് പരമസത്യം. കുറുക്കുവഴികളേതും പാവപ്പെട്ടവരെ തഴയുന്നതാണ്. കേരളകൗമുദി അതിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. അതിന്റെ പ്രതിഫലനം പ്രവചനാതീതമാണ്. പി.എസ്.സിക്ക് പകരമാകുമോ കുടുംബശ്രീ? ഇങ്ങനെ ഓരോ വകുപ്പും തുടങ്ങിയാൽ കേരളത്തിലെ സാധാരണക്കാർക്ക് രാജഭരണകാലത്തേക്ക് തിരിച്ചുപോകേണ്ട ഗതികേട് വരും. ഭരണം തീരാറായി വരുമ്പോൾ സർക്കാരുകളുടെ പതിവ് ഏർപ്പാടാണ് കടും വെട്ട്! ഇവിടെ കൊടുംവെട്ടിന്റെ ഇരുട്ട് പരക്കുകയാണ്. കേരളകൗമുദിയുടെ മുഖപ്രസംഗം ആ ഇരുട്ട് മാറ്റും.

എസ്. അരുണഗിരി

പേഴുംതുരുത്ത്

ഇടതുസർക്കാരിന് ഭൂഷണമല്ല

വൈദ്യുതിബില്ലിനെക്കുറിച്ചുള്ള എഡിറ്റോറിയൽ വായിച്ചു. കുറിക്കുകൊള്ളുന്നത് ഇൗ കൊവിഡ് 19 കാലത്ത് മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നത് ശരിയല്ല. അടച്ചിട്ടിരിക്കുന്ന കടകൾക്കും ഒരു ന്യായീകരണവും ഇല്ലാത്ത കറണ്ട് ബില്ലാണ് വന്നിരിക്കുന്നത്. രണ്ടുമാസംകൂടിയുള്ള റീഡിംഗ് അവസാനിപ്പിച്ചിട്ട് അതത് മാസത്തെ കറണ്ട് ബില്ല് കൊടുത്താൽ ജനങ്ങൾക്ക് വലിയ ഉപകാരം ആകും. റീഡിംഗ് കൂടുന്നതനുസരിച്ച് ഡബിളും ട്രിബിളും ഫോർബിളും ഫൈബിളും ഒക്കെ അടിച്ച് മനുഷ്യനെ പറ്റിക്കുന്ന പരിപാടിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷ സർക്കാർ ഇതിന് മൂക്കുകയറിടണം.

ആർട്ടിസ്റ്റ് രാധാകൃഷ്ണൻ

തേവള്ളി.

അവരെ ആദരിക്കണം

കൊവിഡ് 19 ലോകമെങ്ങും ഭീതിപരത്തി പടർന്നുകൊണ്ടിരിക്കുകയാണ്. ഇൗ അവസരത്തിൽ കേരളമെന്ന കൊച്ചുസംസ്ഥാനത്തിൽ ഇതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ അഹോരാത്രം പരിശ്രമിക്കുന്ന ചികിത്സാ വകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും അതുപോലെ പൊലീസ് ഡിപ്പാർട്ട്മെന്റിലെ എല്ലാവർക്കും ഒരുമാസത്തെ ശമ്പളം അധികം കൊടുക്കുന്നത് അവർക്കുള്ള അംഗീകാരമായിരിക്കും.

ഡോ. എസ്. രവീന്ദ്രൻ, പള്ളിക്കൽ.