കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം മങ്ങാട്ട് വാതുക്കൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര സ്വദേശികളായ കമൽ (23),പ്രവീൺ (21),ഗണേഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എഴരയോടെയായിരുന്നു അപകടം. മരുന്നുമായി എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടാറ്റാ പിക്കപ്പിൽ അതേ ദിശയിലേക്ക് പോയ ലോറി ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും സഹായിയും അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ അപകടം കണ്ട് നിറുത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു വാഹനമിടിച്ചാണ് മൂന്നുപേർക്ക് പരിക്കേറ്റത്. പാരിപ്പള്ളിയിൽ നിന്നു വിതുരയിലേക്ക് കമ്പി കൊണ്ടുപോയ ലോറിയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോയ മിനി ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇതിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ.എസ്.ഡി, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ അനീഷ് .ജി,മനു വി .നായർ,അനിമോൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ,ദിനേശ് ബി,മനു എം., രജീഷ്, അനിൽകുമാർ,സജി എസ്.നായർ,ഹോം ഗാർഡ് അനിൽകുമാർ എന്നിവരടങ്ങുന്ന സംഘം അരമണിക്കൂറോളം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഹൈവേ പൊലീസും കല്ലമ്പലം പൊലീസുമെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.