murder

കൊല്ലം: ഉത്രവധക്കേസിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സൂരജുമായും സഹായി ചിറക്കര സുരേഷുമായും രണ്ടാംദിവസം വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ നടത്തിയ തെളിവെടുപ്പിൽ ലഭിച്ചത് നിർണായക വിവരങ്ങൾ. ഉത്രവധത്തെ തുടർന്ന് സുരേഷിന്റെ വീട്ടിൽ ഇക്കഴിഞ്ഞ മേയ് 24ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പാമ്പിനെ പിടികൂടിയ ഇളംകുളം സ്വദേശി രാധാകൃഷ്ണന്റെ വീട്ടിൽ നിന്നാണ് ഇന്ന് തെളിവെടുപ്പ് തുടങ്ങിയത്. രാധാകൃഷ്ണനും അയൽവാസികളും സുരേഷിനെ തിരിച്ചറിഞ്ഞു.

തുടർന്ന് സുരേഷിന്റെ വീട്ടിലെത്തിയ വനം വകുപ്പ് ഉദ്യോേഗസ്ഥ‌ർ ഇയാൾ പാമ്പിനെ പിടിക്കാൻ ഉപയോഗിച്ചിരുന്ന പൈപ്പ്, സ്റ്റിക്ക് , മറ്ര് ചില ആയുധങ്ങൾ എന്നിവയും കണ്ടെത്തി. ഉത്രയെ കടിപ്പിക്കാൻ അടൂർ പറക്കോട്ടെ ഭർതൃഗൃഹത്തിൽ എത്തിച്ച അണലിയെ പിടികൂടിയ കല്ലുവാതുക്കൽ ശാസ്ത്രിമുക്കിലെ കാർത്തികേയന്റെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു.. കാർത്തികേയനും മകൻ അഭിലാഷും സുരേഷിനെ തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് അണലിയെ പറക്കോട്ടെ വീട്ടിലെത്തിച്ചതിന് സുരേഷിനെതിരെ മൂന്നാമത് ഒരു കേസ് കൂടി അഞ്ചൽ ഫോറസ്റ്റ് റേഞ്ചിൽ ഇന്ന് രജിസ്റ്റർ ചെയ്തു. ഉത്രവധത്തിന് ഉപയോഗിച്ച മൂർഖൻ പാമ്പിനെ പിടികൂടുമ്പോൾ അതിനൊപ്പം ലഭിച്ച മുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളെ തുറന്ന് വിട്ട അടുതല പാലത്തിന് സമീപവും സുരേഷുമായെത്തി തെളിവെടുത്തു.

ഉത്രയെ കൊലപ്പെടുത്താനായി സൂരജും സുരേഷും ഗൂഢാലോചന നടത്തിയ ചാത്തന്നൂർ എസ്.ബി.ഐ ശാഖയ്ക്ക് സമീപത്തും പ്രതികളെ എത്തിച്ച വനം വകുപ്പ് ഇവിടം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകളും ശേഖരിച്ചശേഷമാണ് മടങ്ങിയത്. തെളിവെടുപ്പ് നടന്ന സ്ഥലങ്ങളിലെല്ലാം സൂരജിനെയും സുരേഷിനെയും കാണാൻ ധാരാളം ആളുകൾ തടിച്ചുകൂടി. അഞ്ചൽ ഫോറസ്റ്ര് റേഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.