തിരുവനന്തപുരം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിന് തടയിടാൻ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകൾ വസ്തുതാവിരുദ്ധവും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.
തിരികെ എത്തിയ 84,195 പ്രവാസികളിൽ 713 പേർ കൊവിഡ് ബാധിതരാണെന്നാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതിൽ രോഗികളുടെ അനുപാതം 0.85 ശതമാനമാണ്. മുഖ്യമന്ത്രി പറയുന്നതുപോലെ 1.5 ശതമാനമല്ല. ഒരു വിമാനത്തിൽ കൊവിഡ് രോഗിയുണ്ടെങ്കിൽ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാക്കുമെന്ന കണ്ടെത്തലും ശരിയല്ല. എങ്കിൽ വിദേശത്ത് നിന്ന് വന്ന 84,195 പേരും ഇപ്പോൾ രോഗികളാവുമായിരുന്നു.
പ്രവാസികൾക്ക് മടങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സർക്കുലറിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച് നിയമസഭ കഴിഞ്ഞ മാർച്ച് 11ന് ഐകകണ്ഠ്യേന പാസാക്കിയ പ്രമേയം മറക്കരുത്. മൂന്ന് മാസംകൊണ്ട് പ്രവാസികളോടുള്ള സർക്കാരിന്റെ കാഴ്ചപ്പാട് മാറിയതിന്റെ ചേതോവികാരം മനസിലാകുന്നില്ല.ഗൾഫിൽ ഇതിനകം 277 മലയാളികൾ കൊവിഡ് നിമിത്തം മരണമടഞ്ഞത് ഒാർത്തെങ്കിലും എല്ലാവരും കണ്ണ് തുറക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.