tree

തിരുവനന്തപുരം: പേട്ട കേരളകൗമുദി ഓഫീസിന് സമീപം നഗരസഭയുടെ കെ.പങ്കജാക്ഷൻ ഓപ്പൺ ആഡിറ്റോറി‌യത്തിന്റെ വളപ്പിൽ നിൽക്കുന്ന പടുകൂറ്റൻ തണൽമരം അപകട ഭീഷണിയാകുന്നു. ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിൽ റോ‌ഡിലേക്ക് ചാഞ്ഞാണ് മരത്തിന്റെ നിൽപ്പ്. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ വേരുകൾ ഉണങ്ങി മണ്ണിൽ നിന്ന് വേർപെട്ട നിലയിലാണ്. ചില വേരുകൾ ആഡിറ്റോറിയ വളപ്പിലെ ചുറ്റുമതിലിൽ ഊർന്നിറങ്ങി മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. രണ്ടു ദിവസം മുൻപ് ഇതിന് സമീപത്ത് നിന്ന തണൽ മരത്തിന്റെ ശിഖരം വീണ് രണ്ടു കാറുകൾ പൂർണമായി തകർന്നിരുന്നു. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇവ മുറിച്ച് മാറ്റിയത്. വാഹനത്തിൽ ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ പൂർത്തിയാക്കാൻ കൊവിഡും ലോക്ക് ഡൗണും തടസമായി. ഇൗ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉയരുന്നത്.

പേട്ട റെയിൽവേ സ്റ്റേഷനിലേക്കും കേരളകൗമുദി അടക്കമുള്ള ഓഫീസുകളിലേക്കും വരുന്നവരുടെ വാഹനങ്ങളും ടാക്സികളും ഇതിന് ചുവട്ടിലാണ് പാ‌ർക്ക് ചെയ്യുന്നത്

പടർന്ന് പന്തലിച്ചിരിക്കുന്ന മരത്തിന്റെ വലിയ ശിഖരങ്ങൾ മുഴുവനും റോഡിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്

മഴയും കാറ്റും ശക്തമാകുമ്പോൾ മരത്തിന്റെ ചില്ലകൾ വീണ് വാഹനങ്ങൾ തകരുന്നതും പതിവാണ്.

മരച്ചില്ലകൾ വെട്ടിമാറ്റി അപകടം ഒഴിവാക്കിയില്ലെങ്കിൽ സമീപത്തെ കടകളും നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളും തകരാൻ സാദ്ധ്യതയുണ്ട്

ഇത്തരം സാഹചര്യങ്ങളിൽ മുൻകരുതലെടുക്കേണ്ടത് നഗരസഭയാണ്.

ഇൗ കൗൺസിൽ അധികാരത്തിൽ വന്നതുമുതൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് പറഞ്ഞിട്ടുണ്ട്. ആരും കേട്ടില്ല. ഇക്കാര്യത്തിൽ നഗരസഭ മെല്ലെപ്പോക്കാണ് നടത്തുന്നത്. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി മേയ‌ർക്ക് കത്തും നൽകിയിട്ടുണ്ട്. കാര്യങ്ങൾ വെെകിപ്പിച്ച് അപകടങ്ങൾ വരുത്തിവയ്ക്കരുത്.

-കൗൺസിലർ ഡി. അനിൽകുമാർ