prof-kummil-suksmaran

വർക്കല: എണ്ണമറ്റ ശിഷ്യഗണങ്ങളുടെ മനസിൽ ഒരു കണ്ണീർക്കണമായി ശേഷിക്കുകയാണ് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്ന പ്രൊഫ. കുമ്മിൾ സുകുമാരൻ. കവിത പഠിപ്പിക്കുമ്പോഴാണ് കുമ്മിൾ സുകുമാരനിലെ ഗുരുനാഥൻ അതിന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിച്ചിരുന്നത്. വൃത്തവും അലങ്കാരവും ധ്വനിയും ബിംബകല്പനകളും ഭാഷയുടെ പ്രയോഗവിശേഷങ്ങളുമെല്ലാം മറ്റു കവിതകളുമായി താരതമ്യം ചെയ്തു പഠിപ്പിക്കുന്നതിൽ സവിശേഷമായ ഒരു സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.

ആറ് പതിറ്റാണ്ടിലേറെയായി മലയാളത്തിലെ മിക്കവാറും എല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതാറുണ്ടായിരുന്നു. എന്നിട്ടും കവിയെന്ന നിലയിൽ പലപ്പോഴും അദ്ദേഹം പാർശ്വവത്കരിക്കപ്പെട്ടു. അതിനു കാരണമായി അദ്ദേഹം പറഞ്ഞിട്ടുളളതിങ്ങനെയാണ്. 'എന്റെ അലസത, അല്ലെങ്കിൽ ഉദാസീനത മാത്രമാണ് അതിനു കാരണം.' മറ്റാരെയും അദ്ദേഹം കുറ്റപ്പെടുത്തുന്നില്ല. ആരോടും പരിഭവവുമില്ല. സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ഒരു ക്ലിക്കുകളിലും പെടാതെ വിവാദങ്ങളിലേക്കൊന്നും ചെന്നുകയറാതെ കവിതയുടെ ഏകാന്ത വഴിയിലൂടെ സഞ്ചരിച്ചു.

സരളമായ ശൈലിയിൽ വൃത്തഭംഗിയോടെ കവിതകളെഴുതി. മാനുഷിക വികാരങ്ങളുടെ സർഗാത്മകമായ സൗന്ദര്യാവിഷ്കരണമായിരുന്നു കുമ്മിൾ സുകുമാരന്റെ കവിതകൾ. ഹർഷമുദ്ര, മരണമില്ലാത്ത കവി, കാവേരിയും യമുനയും തുടങ്ങിയ കാവ്യഗ്രന്ഥങ്ങളും പരിഭാഷകളുമുൾപ്പെടെ പതിനേഴോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം. ജീവിതത്തിലേക്ക് വീണ്ടും എന്ന 37കവിതകളുടെ സമാഹാരവും ഭർത്തൃഹരിയുടെ ശതകത്രയത്തിൽ ഏറ്റവും ശ്രേഷ്ഠമായി കരുതുന്ന നീതിശതകം പരിഭാഷയുമാണ് അന്ന് പ്രകാശനം നടത്തിയത്. വീട്ടിൽ ചെറിയൊരു സൗഹൃദ കൂട്ടായ്മയിലായിരുന്നു പ്രകാശനം. ശാരീരികാവശതകൾ ഉണ്ടായിരുന്നെങ്കിലും സന്തുഷ്ടനായിരുന്നു. ഏതാനും വാക്കുകളും അദ്ദേഹം സംസാരിച്ചു.

ഭർത്തൃഹരിയുടെ നീതിശതകത്തിന് അദ്ദേഹം നൽകിയ മലയാളപരിഭാഷ സുലളിതവും അപൂർവചാരുതയുള്ളതുമാണ്. ഒടുവിൽ പ്രസിദ്ധീകരിച്ച ജീവിതത്തിലേക്ക് വീണ്ടും എന്ന കാവ്യസമാഹാരത്തിലെ യാത്രാമൊഴി എന്ന കവിതയിൽ അദ്ദേഹം എഴുതുന്നു:

പിരിയുകയാണു ഞാൻ സുഖദമാം വിശ്രമ -

ലയസുഖം തേടിയീ രാവിൽ.

ഒരുമിഴിനീർകണം കാണിക്കവച്ചിതാ

പിരിയുകയാണ് ഞാനിപ്പോൾ.