photo

നെടുമങ്ങാട് : ലോക്ക് ഡൗണിലും നാടിന്റെ ഉണർവായി മാറുകയാണ് ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി. വീടുകളിൽ ഒറ്റപ്പെട്ടവർക്ക് അവർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ എത്തിച്ചായിരുന്നു തുടക്കം. തുടർന്ന് 'കുട്ടികളുടെ സർഗോത്സവം' എന്ന പേരിൽ വിദ്യാർത്ഥികളുടെ വായനാ അനുഭവങ്ങൾ, വരകൾ, കഥ, കവിത തുടങ്ങി സൃഷ്ടികളേതും പങ്കുവയ്ക്കാൻ ഒരാഴ്ചക്കാലം ലൈബ്രറിയുടെ ഫേസ്ബുക്ക് പേജ് തുറന്നിട്ടു. ഈ ഞായറാഴ്ച കുട്ടികൾ അവരുടെ വീടുകളിൽ വായനാദീപം തെളിച്ചാണ് സർഗോത്സവത്തിനു തിരശീലയിടുന്നത്. ഓൺലൈൻ മൊബൈൽ ഫോട്ടോഗ്രഫി മത്സരം, ആരോഗ്യ - സന്നദ്ധ പ്രവർത്തകർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും സുരക്ഷാ മാസ്ക് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളും വേറിട്ടതായി.

എഴുപതാണ്ടിന്റെ പ്രവർത്തന പരിചയം

വായനയ്ക്ക് കൂട്ടായും പരിസ്ഥിതിക്ക് കാവലായും ഇരിഞ്ചയത്ത് യുണൈറ്റഡ് ലൈബ്രറി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് എഴുപത് വർഷം പിന്നിടുന്നു. പ്രവർത്തനമികവിൽ ജില്ലയിൽ ഒന്നാമത് നിൽക്കുന്ന ഈ ലൈബ്രറി തൊഴിലന്വേഷകരുടെ ശരണാലയമാണിന്ന്. കരിയർ ഗൈഡൻസിലൂടെ ഇതിനോടകം നൂറിൽപ്പരം ഉദ്യോഗസ്ഥരെ സർക്കാർ തൊഴിൽ മേഖലകളിലെത്തിച്ചിട്ടുണ്ട്. അപൂർവ ഗ്രന്ഥങ്ങൾ ഉൾപ്പെടെ കാൽലക്ഷത്തോളം പുസ്തകങ്ങളും നാലായിരത്തിലേറെ അംഗങ്ങളും ഗ്രന്ഥശാലയ്ക്കുണ്ട്. അരനൂറ്റാണ്ടായി ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ആർ.രമണന്റെ സേവനം എടുത്തു പറയണം. എഴുത്തുകാരി ആനന്ദി രാമചന്ദ്രൻ സൗജന്യമായി നൽകിയ വസ്തുവിൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഏഴു വർഷമായി കാവ് ഒരുക്കി പരിപാലിക്കുന്നുണ്ട്. ലൈബ്രറിയുടെ ആദ്യകാല സംഘാടകൻ ഡോ.ബി.സി ബാലകൃഷ്ണനായിരുന്നു.എ.കെ.ജിയും ചാരുമജുദാറും സി.അച്ചുതമേനോനും ഉൾപ്പെടെയുള്ള നേതാക്കൾ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്. 1949 ൽ ഇരിഞ്ചയം ചന്തയിൽ പങ്കജാക്ഷപ്പണിക്കർ, ബി.സി. ബാലകൃഷ്ണൻ, ഭാനുവിക്രമൻ നായർ എന്നിവർ ചേർന്ന് കൊളുത്തിയ ഈ അക്ഷരദീപം ഇന്ന് നെടുമങ്ങാട് താലൂക്കിനാകെ വായനയുടെ വെള്ളിവെളിച്ചമാണ്‌.

 കരിയർ ഗൈഡൻസിലൂടെ തൊഴിലവസരം

 ലൈബ്രറി ആരംഭിച്ചത് 1949ൽ

 ദിവസവും രാത്രി 7ന് ഫേസ്ബുക്ക് ലൈവിൽ ചർച്ച

 കാവ് പരിപാലനം