ന്യൂയോർക്ക് : മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഏറ്റവും ഇളയ സഹോദരി ജീൻ കെന്നഡി സ്മിത്ത് അന്തരിച്ചു. 92 വയസായിരുന്നു. ജോൺ എഫ്. കെന്നഡിയുടെ സഹോദരങ്ങളിൽ ജീവിച്ചിരുന്ന അവസാനത്തെയാളായിരുന്നു ജീൻ. ജീനിന്റെ മരണവിവരം മകൾ കിം സ്മിത്ത് അമേരിക്കൻ മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസിനോട് സ്ഥിരീകരിച്ചു. ബുധനാഴ്ച മാൻഹട്ടണിലെ വീട്ടിലായിരുന്നു അന്ത്യം.
ബിൽ ക്ലിന്റൺ പ്രസിഡന്റായിരിക്കെ 1993 മുതൽ 1998 വരെ അയർലൻഡിലെ അമേരിക്കൻ അംബാസിഡറായിരുന്നു ജീൻ. ജോസഫ് പി. കെന്നഡിയുടെയും റോസ് ഫിറ്റ്സ് ജെറാൾഡ് കെന്നഡിയുടെയും ഒമ്പത് മക്കളിൽ എട്ടാമത്തെയാളായിരുന്നു ജീൻ. ഭിന്നശേഷിയുള്ള കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
2011ൽ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ജീനിന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകി ആദരിച്ചിരുന്നു. കിം, അമാൻഡ, സ്റ്റീഫൻ ജൂനിയർ, വില്യം എന്നിവരാണ് മക്കൾ. ജീനിന്റെ ഭർത്താവും ബിസിനസുകാരനും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമായിരുന്ന സ്റ്റീഫൻ എഡ്വേർഡ് സ്മിത്ത് ക്യാൻസർ ബാധയെ തുടർന്ന് 1990ൽ 62ാം വയസിൽ മരിച്ചിരുന്നു. 2009 ഓഗസ്റ്റ് 11ന് സഹോദരി യൂനിസ് കെന്നഡിയും അതേ വർഷം ഓഗസ്റ്റ് 25ന് ഏറ്റവും ഇളയ സഹോദരനായ ടെഡ് കെന്നഡിയും മരിച്ചതോടെ കെന്നഡി സഹോദരങ്ങളിൽ ജീൻ തനിച്ചായി. ജോൺ എഫ് കെന്നഡി, റോബർട്ട് കെന്നഡി ഉൾപ്പെടെയുള്ള സഹോദരങ്ങൾ നേരത്തെ തന്നെ മരിച്ചിരുന്നു.