liquor

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ ബിവറേജസ് കേന്ദ്രത്തിൽ നിന്ന് മദ്യം കടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കക്കോടി തണ്ണീർപ്പന്തൽ ഔട്ട്ലെറ്റിലെ ജീവനക്കാരായ മോഹനചന്ദ്രൻ, നിഖിൽ, വിനോദ് എന്നിവരെയാണ് ബെവ്കോ എം.ഡി സ്‌പർജൻ കുമാർ സസ്‌പെൻഡ് ചെയ്തത്. 3.64 ലക്ഷം രൂപയുടെ മദ്യമാണ് കടത്തിയത്.

അരയിടത്തുപാലത്തായിരുന്നു ഔട്ട്‌ലെറ്റ് പ്രവർത്തിച്ചിരുന്നത്. മേയ് 28ന് ഇത് തണ്ണീർപ്പന്തലിലേക്ക് മാറ്റുന്നതിന്റെ മറവിലായിരുന്നു ക്രമക്കേട്. ഔട്ട്‌ലെറ്റ് മാറ്റുന്നതിന്റെ ചുമതല മോഹനചന്ദ്രനായിരുന്നു. മദ്യം കടത്തുന്നതിന് മോഹനചന്ദ്രനെ സഹായിച്ചതിനാണ് മറ്റ് രണ്ടുപേരെ സസ്‌പെൻഡ് ചെയ്തത്.

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചെങ്കിലും ഔട്ട‌്ലെറ്റ് തണ്ണീർപന്തലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മോഹനചന്ദ്രൻ ഇടയ്ക്കിടെ അരയിടത്തുപാലത്തെ ഔട്ട്ലെറ്റിൽ എത്തുകയും മദ്യം കാറിൽ കയറ്റി പുറത്തു കൊണ്ടുപോയി വിൽക്കുകയുമായിരുന്നു. 23 ഇനങ്ങളിലുള്ള മദ്യമാണ് കടത്തിയത്. അരയിടത്തുപാലത്തെ ഔട്ട്‌ലെറ്റിൽ നിന്നെടുത്ത മദ്യം ഈ മാസം തണ്ണീർപന്തലിലെ ഔട്ട്ലെറ്റിൽ നിന്ന് വില്പന നടത്തിയതായി വ്യാജബില്ലുകളും മോഹനചന്ദ്രൻ ചമച്ചു. എന്നാൽ അരയിടത്തുപാലത്തുണ്ടായിരുന്ന പല ബ്രാൻഡുകളും പുതിയ ഔട്ട്‌ലെറ്റിൽ സ്റ്റോക്കുണ്ടായിരുന്നില്ല. സ്റ്റോക്കില്ലാത്ത മദ്യത്തിന്റെ ബിൽ അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റു ജീവനക്കാർ എം.ഡിക്ക് പരാതി നൽകി. തുടർന്ന് ബെവ്കോ റീജിയണൽ മാനേജർ വി.സതീശൻ, ആഡിറ്റ് വിഭാഗം അസിസ്‌റ്റന്റ് മാനേജർമാരായ പി.നിധീഷ്, ടി.പി.സുനീഷ് എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചു. പരിശോധനയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി കൈക്കൊണ്ടത്.