kummil-sukumaran

തിരുവനന്തപുരം: കവിയും പ്രഗല്ഭ അദ്ധ്യാപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ. കുമ്മിൾ സുകുമാരൻ (89)​ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയായ വർക്കല ശ്രീനിവാസപുരം 'മഞ്ജരി'യിൽ ഇന്നലെ രാവിലെ 9.30നായിരുന്നു അന്ത്യം. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.

1965ൽ കൊല്ലം എസ്.എൻ കോളേജിൽ മലയാളം അദ്ധ്യാപകനായ അദ്ദേഹം 1987ൽ വകുപ്പ് അദ്ധ്യക്ഷനായാണ് വിരമിച്ചത്. 1931ൽ കൊട്ടാരക്കര താലൂക്കിലെ കുമ്മിൾ ഗ്രാമത്തിൽ ജനനം. കുമ്മിൾ, കടയ്ക്കൽ, കിളിമാനൂർ ആർ.ആർ.വി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എം.ജി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1958ൽ മലയാള സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടി. വിവിധ ഗവൺമെന്റ് ഹൈസ്‌കൂളുകളിൽ അദ്ധ്യാപകനായ ശേഷമാണ് കോളേജ് അദ്ധ്യാപകനായത്. കുമ്മിൾ സുകുമാരന്റെ ക്ലാസുകൾ അഭിമാനത്തോടെ ഓർക്കുന്നവരാണ് ശിഷ്യസഞ്ചയം.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കവിത എഴുതിത്തുടങ്ങിയ സുകുമാരൻ യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായിരിക്കെ, കൗമുദി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. ഹർഷമുദ്ര‌യാണ് ആദ്യ കവിതാസമാഹാരം. മരണമില്ലാത്ത കവി,​ സിംഹനാദം,​ കാവേരിയും യമുനയും എന്നിവയാണ് മറ്റ് സമാഹാരങ്ങൾ. ടാഗോറിന്റെ ഗീതാഞ്ജലി, കാളിദാസന്റെ ഋതുസംഹാരം,​ തോമസ് ഗ്രേയുടെ എലിജി,​ ടാഗോറിന്റെ ഉദ്യാനപാലകൻ എന്നിവ വിവർത്തനം ചെയ്തു. ജീവിതത്തിലേക്ക് വീണ്ടും എന്ന കവിതാസമാഹാരവും ഭർതൃഹരിയുടെ നീതി ശതകത്തിന്റെ വിവർത്തനവുമാണ് ഒടുവിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ പ്രകാശനമായിരുന്നു അദ്ദേഹം ഒടുവിൽ പങ്കെടുത്ത പൊതുചടങ്ങ്.

ചാവർകോട് വൈദ്യകുടുംബാംഗം പരേതയായ ലളിതയാണ് ഭാര്യ. മക്കൾ: സന്ധ്യ,​ ദീപു (എൻജിനിയർ,​ കെ.എസ്.ഇ.ബി)​. മരുമക്കൾ: കേണൽ ജയകുമാർ,​ ഗീത (ലക്‌ചറർ,​ കൈമനം വനിതാ പോളിടെക്‌നിക്)​. ചെറുമക്കൾ: ശ്രുതി,​ വിഗ്നേഷ്,​ മാളവിക,​ ഹരിഗോവിന്ദ്.