തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി.
ഹാരിസൺ മലയാളം പ്ലാന്റേഷൻ ബിലീവേഴ്സ് ചർച്ച് ട്രസ്റ്റിന് കൈമാറിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കം നിലനിൽക്കുന്നുണ്ട്. അതിനാൽ, 2013ലെ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്രേഷൻ, റീസെറ്റിൽമെന്റ് നിയമത്തിലെ 77(2) വകുപ്പ് പ്രകാരമാണ് ഭൂമിയേറ്റെടുക്കൽ .
ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളം പണിയാനുള്ള പ്രാഥമിക പ്രവർത്തനങ്ങളുടെ ചുമതല കെ.എസ്.ഐ.ഡി.സിക്കാണ്. ഇതിനായുള്ള വിശദമായ രൂപരേഖ സ്വകാര്യ കൺസൾട്ടിംഗ് കമ്പനി നടത്തിയിരുന്നു. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ളതിനാൽ, ഭൂമിയിലെ ചമയങ്ങൾക്കുള്ള വിലയാണ് കോടതിയിൽ കെട്ടിവയ്ക്കുക.
2005ൽ ഹാരിസണിൽ നിന്ന് ട്രസ്റ്റ് വാങ്ങിയ ഭൂമിയുടെ പോക്കുവരവ് കാഞ്ഞിരപ്പള്ളി തഹസിൽദാർ റദ്ദാക്കിയിരുന്നു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കലിന്റെ ഭാഗമായി സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ഏറ്റെടുത്ത 38171 ഏക്കർ ഭൂമിയിൽപ്പെട്ടതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഭൂമിയേറ്റെടുക്കാൻ ഭൂസംരക്ഷണ നിയമ പ്രകാരം സ്പെഷ്യൽ ഓഫീസർക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധി പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ചിരുന്നു. അതേസമയം, കൈവശക്കാർക്കുള്ള ഉടമസ്ഥാവകാശം കോടതി അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിന് അവകാശമുണ്ടെങ്കിൽ സിവിൽ കോടതി വഴി നേടിയെടുക്കാനാണ് നിർദ്ദേശിച്ചത്. ഇതു പ്രകാരമുള്ള ആദ്യ കേസാണ് പാലാ സബ് കോടതിയിൽ സർക്കാർ നൽകിയത്.