തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് നൽകിയ അപാകതകൾ നിറഞ്ഞ ബില്ലുകൾ പിൻവലിച്ച് പുതിയ റീഡിംഗിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 20ന് സംസ്ഥാന വ്യാപകമായി എല്ലാ കെ.എസ്.ഇ.ബി ഒാഫീസുകൾക്കുമുന്നിലും പ്രതിഷേധ ധർണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനും എല്ലാ കെ.എസ്.ഇ.ബി ഒാഫീസുകൾക്കും മുന്നിൽ ധർണ നടക്കും.
അമിത ചാർജ് രേഖപ്പെടുത്തിയ ബില്ലുകൾ പിൻവലിക്കുക, എല്ലാമാസവും മീറ്റർ റീഡിംഗ് എടുത്തു ബില്ലുകൾ നൽകുക, അപാകതകൾ നിറഞ്ഞ ഫിക്‌സഡ് ചാർജ് നിറുത്തലാക്കുക, താരിഫ് റേറ്റുകൾ കാലോചിതമായി പരിഷ്കരിക്കുക, കടകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചാണ് ഏകോപനസമിതി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സെക്രട്ടേറിയറ്റ് നടയിൽ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, ഭാരവാഹികളായ വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ സംസാരിക്കും.