കല്ലമ്പലം : കരവാരം പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 11 ന് എയർ ഇന്ത്യ വിമാനത്തിൽ സൗദിയിൽ നിന്ന് കൊച്ചി എയർപോർട്ടിലെത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തെ ക്വാറന്റൈൻ സെന്ററിലേക്ക് കെ.എസ്. ആർ.ടി.സി ബസിൽ കൊണ്ടു പോവുകയും വീട്ടിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമായതിനാൽ അവിടെ നിന്ന് കാറിൽ വീട്ടിലെത്തുക്കുകയുമാണ്‌ ചെയ്തത്. വീട്ടിലെത്തിയത് മുതൽ ഇദ്ദേഹം കരവാരം പഞ്ചായത്തിന്റെയും ഹെൽത്ത് ഡിപ്പാർട്ട്‌ മെന്റിന്റെയും നിരന്തര നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡിന്റെ ചില ലക്ഷണങ്ങൾ തോന്നിയതിന്റ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്രവ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ വൈകിട്ടോടെ പരിശോധന ഫലം പോസിറ്റീവായി. ഇയാൾ പുറത്തിറങ്ങുകയോ മറ്റാരുമായും സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. വീട്ടിൽ ഉണ്ടായിരുന്ന അമ്മയേയും അനിയനെയും ആരോഗ്യ വകുപ്പിന്റെ മുൻകരുതൽ നിർദ്ദേശം അനുസരിച്ച് ഹോം ക്വാറന്റൈനിലാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ ഐ.എസ് പറഞ്ഞു.