യുവന്റസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി നാപ്പോളി കോപ്പ ഇറ്റാലിയ ജേതാക്കൾ
ഫൈനലിന്റെ നിശ്ചിത സമയം ഗോൾരഹിതം, ഷൂട്ടൗട്ടിൽ നാപ്പോളി വിജയം 4-2ന്
റോം : യുവന്റസ് പരിശീലകനെന്ന നിലയിൽ തന്റെ ആദ്യ കിരീടം തേടിയിറങ്ങിയ മൗറീഷ്യോ സറിക്ക് തന്റെ പഴയ ടീമായ നാപ്പോളി പണി കൊടുത്തു. സറിക്കൊപ്പം നേടാൻ കഴിയാതിരുന്ന കോപ്പ ഇറ്റാലിയ കിരീടത്തിൽ ജെന്നാരോ ഗെറ്റൂസോ എന്ന യുവ കോച്ചിന് കീഴിൽ കഴിഞ്ഞരാത്രി നാപ്പോളി താരങ്ങൾ മുത്തമിട്ടു.
സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരന്ന യുവന്റസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് കീഴടക്കിയാണ് നാപ്പോളി തങ്ങളുടെ ആറാം കോപ്പ സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിക്കാൻ മറന്നതിനാലാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ നാപ്പോളിക്കുവേണ്ടി ആദ്യനാല് കിക്കുകൾ എടുത്തവർ യുവന്റസ് ഗോളി ജിയാൻ ലൂഗി ബഫണിനെ കബളിപ്പിച്ചപ്പോൾ യുവന്റസിനായി ആദ്യകിക്കെടുത്ത പൗലോ ഡിബാലയും രണ്ടാം കിക്കെടുത്ത ഡാനിലോയും ഉന്നം മറന്ന് തെന്നിപ്പറന്നു. ഡിബാലയുടെ കിക്ക് നാപ്പോളി ഗോളി അലക്സ് മെറെറ്റ് തട്ടിയിട്ടപ്പോൾ ഡാനിലോ വലയ്ക്ക് മേലെയ്ക്കാണ് പന്തടിച്ചുകളഞ്ഞത്. അവസാന കിക്കെടുക്കാൻ നിന്ന ക്രിസ്റ്റ്യാനോയെ നിരാശനാക്കി തങ്ങളുടെ നാലാം കിക്കും വലയിലാക്കിയ നാപ്പോളി കിരീടവും കൊണ്ടുപോവുകയായിരുന്നു.
കൊവിഡ് ലോക്ക് ഡൗണിന് ശേഷം കളിക്കാനിറങ്ങിയ രണ്ടാം മത്സരത്തിലും യുവന്റസിനെ വിജയദേവത അനുഗ്രഹിച്ചില്ല. എ.സി മിലാനെതിരായ രണ്ടാം പാദ സെമിഫൈനലിൽ ഗോൾ രഹിത സമനിലയിലായതിനാൽ എവേ ഗോളിന്റെ ആനുകൂല്യത്തോടെയാണ് യുവന്റസ് ഫൈനലിലെത്തിയത്. ലോക്ക് ഡൗണിന് മുമ്പ് ആദ്യപാദ സെമിയിൽ ഇന്റർമിലാനെ തോൽപ്പിച്ചിരുന്ന നാപ്പോളി രണ്ടാംപാദത്തിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
ഒരിക്കൽകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ നിറംകെട്ട മത്സരത്തിൽ ബഫണിന്റെ ചില കിടിലൻ സേവുകളാണ് യുവന്റസിനെ നിശ്ചിത സമയത്ത് തോൽക്കുന്നതിൽനിന്ന് രക്ഷിച്ചത്. എന്നാൽ ഷൂട്ടൗട്ടിൽ ആ ഭാഗ്യം ബഫണിനോടൊപ്പമുണ്ടായിരുന്നില്ല. മറുവശത്ത് സ്ഥിരം ഗോളിയായ ഡേവിഡ് ഒസ്‌പിന വിലക്ക് മൂലം ഫൈനലിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടപ്പോൾ ലഭിച്ച അവസരം അലക്സ് മുതലാക്കുകയായിരുന്നു.
ഷൂട്ടൗട്ടിലെ കളി
* യുവന്റസിനായി ഡിബാലയാണ് ആദ്യ കിക്കെടുക്കാൻ എത്തിയത്. ഡിബാലയുടെ ദുർബലമായ ഇടംകാലൻ കിക്ക് അലക്സ് നിഷ്‌പ്രയാസം തട്ടിക്കളഞ്ഞു.
* നാപ്പോളിയുടെ ആദ്യകിക്ക് ഇൻസൈൻ നിഷ്‌പ്രയാസം വലയിലാക്കി.
* യുവന്റസിന്റെ രണ്ടാം കിക്ക് ഡാനിലോ ആകാശത്തേക്ക് പായിച്ചു.
* പൊളിറ്റിയാനോ അടുത്ത കിക്കും വലയിലാക്കിയതോടെ നാപ്പോളിക്ക് 2-0ത്തിന്റെ ലീഡ്.
* ഷൂട്ടൗട്ടിൽ യുവന്റസിന്റെ ആദ്യഗോൾ നേടിയത് നായകൻ ബൊന്നൂച്ചി.
* മാക്സിമോവിച്ച് നാപ്പോളിയുടെ മൂന്നാം കിക്കും ഗോളാക്കി.
* നാലാം കിക്കെടുത്ത ആരോൺ റാംസെ വലകുലുക്കി യുവയ്ക്ക് രണ്ടാംഗോൾ നേടിക്കൊടുത്തു.
* മിലിക്കിന്റെ കിക്കും ഗോളായതോടെ കിരീടം നാപ്പോളിക്ക്.
6
ഇത് ആറാം തവണയാണ് നാപ്പോളി കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരാകുന്നത്.
2014
നുശേഷം ആദ്യമായി നാപ്പോളി നേടുന്ന കിരീടമാണിത്.
1
നാപ്പോളി കോച്ച് എന്ന നിലയിൽ ഗെന്നാരോ ഗറ്റൂസോയുടെ ആദ്യ കിരീടം. കളിക്കാരൻ എന്ന നിലയിൽ എ.സി മിലാനൊപ്പം ഗെറ്റുസോ കോപ്പ ഇറ്റലായയിൽ മുത്തമിട്ടിട്ടുണ്ട്.
2
സറിക്ക് കീഴിൽ യുവന്റസിന്റെ രണ്ടാം ഫൈനൽ തോൽവി. കഴിഞ്ഞ ഡിസംബറിൽ ഇറ്റാലിയൻ സൂപ്പർ കപ്പിന്റെ ഫൈനലിൽ ലാസിയോയോടും യുവന്റസ് തോറ്റിരുന്നു.
നിരാശനായി ക്രിസ്റ്റ്യാനോ
ഇൗവർഷത്തിന്റെ തുടക്കത്തിൽ തുടർച്ചയായി ഗോളുകൾ അടിച്ചുകൂട്ടിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക്ക് ഡൗൺ കഴിഞ്ഞെത്തിയ ശേഷം തീർത്തും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ.സി മിലാനെതിരായ രണ്ടാംപാദ സെമിഫൈനലിൽ ക്രിസ്റ്റ്യാനോ പെനാൽറ്റി പാഴാക്കിയിരുന്നു. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും പഴയ ഫോമിന്റെ നിഴലിൽ മാത്രമായിരുന്നു ക്രിസ്റ്റ്യാനോ. ഫൈനലിൽ പെനാൽറ്റി എടുക്കാനുള്ള ചാൻസും ലഭിച്ചില്ല.
സെരി എ നാളെ മുതൽ
ലോക്ക് ഡൗൺ മൂലം നിറുത്തിവച്ചിരിക്കുന്ന ഇറ്റാലിയൻ സെരി എ മത്സരങ്ങൾ നാളെ പുനരാരംഭിക്കും. നാളെ ഇന്ത്യൻ സമയം രാത്രി 11 ന് ടേറിനോയും പാർമയും തമ്മിലാണ് രണ്ടാം വരവിലെ ആദ്യമത്സരം. ഇന്റർമിലാൻ ഞായറാഴ്ച രാത്രി സാംപഡോറിയയെയും എസി മിലാൻ തിങ്കളാഴ്ച രാത്രി ലീസിനെയും നേരിടും. തിങ്കളാഴ്ച രാത്രി ബൊളോഞ്ഞയ്ക്കെതിരെയാണ് യുവന്റസിന്റെ രണ്ടാംവരവിലെ ആദ്യ സെരി എ മത്സരം.