pinaryi-

തിരുവനന്തപുരം: കേന്ദ്ര പാക്കേജിലേതടക്കം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള സർക്കാർ ശ്രമത്തിന് ബാങ്കുകളുടെ പിന്തുണ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു .

'സുഭിക്ഷ കേരളം' പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതിൽ വാണിജ്യ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും വലിയതോതിൽ സഹകരിക്കാനാവുമെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. 2500 കോടിയുടെ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി നബാർഡ് അനുവദിച്ചിട്ടുണ്ട്. 1000 കോടിയുടെ സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി അധികമായി ലഭ്യമാക്കണമെന്ന് നബാർഡിനോട് അഭ്യർത്ഥിച്ചു.മോഡൽ ഫാമുകൾ യാഥാർത്ഥ്യമാക്കാനും ട്രെയിനിംഗ് നൽകാനും നബാർഡിന്റെ 'ഫാം സെക്ടർ പ്രൊമോഷൻ ഫണ്ട്' പ്രയോജനപ്പെടുത്തണം. കേരളത്തിൽ കർഷകരുടെ കൈവശമുള്ള ഭൂമിയുടെ തോത് താരതമ്യേന കുറവാണ്. അതിനാൽ ഭൂമിയിൽ നിന്നുള്ള ഉൽപാദനം വർദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധ പതിയേണ്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി വായ്പാ മാനദണ്ഡങ്ങൾ പരിശോധിക്കണം.

മുദ്ര ശിശു ലോണുകൾക്ക് 1500 കോടിയുടെ പലിശയിളവ് ആത്മനിർഭർ ഭാരത് പാക്കേജിലൂടെ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മാസത്തേക്ക് കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് രണ്ടുശതമാനം പലിശയിളവ് അനുവദിക്കും. തിരിച്ചടവ് കാരണം വരുമാനം ശോഷിച്ച് പ്രയാസത്തിലായിരിക്കുന്ന അപേക്ഷകർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കണം. ഇതിന് ജില്ലാ തലത്തിലുള്ള നിർവഹണരീതി എസ്.എൽ.ബി.സിയും ഡി.എൽ.ആർ.സികളും ചേർന്ന് തയ്യാറാക്കണം. കശുഅണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് അനുഭാവപൂർണമായ സമീപനം ബാങ്കുകളോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.